പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാത കടന്ന് പോകുന്ന ആര്യങ്കാവിൽ അപകട ഭീഷണി ഉയർത്തുന്ന ഭാഗത്ത് പാർശ്വഭിത്തി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ആര്യങ്കാവ് ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുപത്രിയോട് ചേർന്നാണ് പാതയോരം ഇടിഞ്ഞിറങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് ഇടിഞ്ഞുപോയ പാതയിൽനാട്ടുകാരുടെ നേതൃത്വത്തിൽ കല്ലുകൾ നിരത്തിവച്ചാണ് അപകട ഭീഷണി ഒഴിവാക്കുന്നത്.
ആറുമാസം മുമ്പ് ഇതുവഴി കടന്നുപോയ ചരക്ക് ലോറി സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞിരുന്നു. ഇവിടെ പാർശ്വഭിത്തിയോ അപകട സൂചനാ ബോർഡുകളോ സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. അന്തർ സംസ്ഥാന ചരക്കുലോറികൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. 60 ടണ്ണിലധികം ഭാരം കയറ്റിയെത്തുന്ന വാഹനങ്ങളും ഇതിൽ ഉൾപ്പെടും. ഇവരാണ് വർഷങ്ങളായി അപകട ഭീഷണിയുടെ നടുവിലായത്.
പാതയുടെ വശങ്ങളിൽ താമസിക്കുന്നവരും കടുത്ത ഭീതിയിലാണ്. ദേശീയപാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള നിരവധി സ്ഥലങ്ങളിൽ പാർശ്വഭിത്തികൾ നിർമ്മിച്ചിട്ടും ആര്യങ്കാവിനോട് അധികൃതർ അവഗണന കാട്ടുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.