photo
എക്സൈസ് റെയ്ഞ്ച് ഓഫാസ്

മദ്യവില്പന തടയാൻ മതിയായ ഉദ്യോഗസ്ഥരില്ല

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പനയും മയക്ക് മരുന്ന് വ്യാപാരവും പൊടിപൊടിക്കുന്നു. കരുനാഗപ്പള്ളി റെയ്ഞ്ച് ഓഫീസിൽ 15 എക്സൈസ് ഗാർഡുകളും 2 വനിതാ ഗാർഡുകളും ഉൾപ്പെടെ 17 ജീവനക്കാരുണ്ടെങ്കിലും അനധികൃത മദ്യവില്പന തടയാനുള്ള ഡ്യൂട്ടിക്ക് ഒരു റെയ്ഞ്ച് ഇൻസ്പെക്ടറും 4 എക്സൈസ് ഗാർഡുകളും മാത്രമാണുള്ളത്. അര നൂറ്റാണ്ടിന് മുമ്പുള്ള സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാർ മാത്രമാണ് ഇപ്പോഴും കരുനാഗപ്പള്ളി റെയ്ഞ്ച് ഓഫീസിലുള്ളത്. കരുനാഗപ്പള്ളി റെയ്ഞ്ച് ഓഫീസിലെ 17 ജീവനക്കാരിൽ ഒരാൾ മിക്ക ദിവസവും ഹൈക്കോടതി ഡ്യൂട്ടിക്കായി പോകും. 4 പേർ കരുനാഗപ്പള്ളി, ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതികൾ, കരുനാഗപ്പള്ളി സബ് കോടതി, കൊല്ലം സെഷൻസ് കോടതി എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് പോകും. 2 പേർ പാറാവ് ഡ്യൂട്ടി ചെയ്യും. ഒരു ദിവസത്തെ പാറാവ് ഡ്യൂട്ടി കഴിഞ്ഞിൽ 2 പേർക്ക് ഓഫ് നൽകണം. ഓഫീസിലെ പേപ്പർ വർക്കുകൾക്കായി 2 പേർ മാറും. ആരെങ്കിലും അവധി എടുത്താൽ ജീവനക്കാരുടെ എണ്ണം വീണ്ടും കുറയും. കേരളത്തിൽ എല്ലാ അസംബ്ളി മണ്ഡലവും കേന്ദ്രീകരിച്ച് ഒരു എക്സൈസ് റെയ്ഞ്ച് ഓഫീസുള്ളപ്പോൾ രണ്ട് അസംബ്ളി മണ്ഡലങ്ങളാണ് കരുനാഗപ്പള്ളി റെയ്ഞ്ച് ഓഫീസിന്റെ പരിധിയിൽ വരുന്നത്. ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവില്ലാത്തതാണ് അനധികൃത മദ്യവില്പന വർദ്ധിക്കാൻ കാരണം. ചവറ കേന്ദ്രമാക്കി ഒരു റെയ്ഞ്ച് ഓഫീസ് തുടങ്ങിയാൽ നിലവിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. ചവറ കേന്ദ്രമാക്കി റെയ്ഞ്ച് ഓഫീസ് വരണമെന്നുള്ള ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി. കരുനാഗപ്പള്ളി താലൂക്കിലെ എൻഫോഴ്സ്‌മെന്റ് യൂണിറ്റായി പ്രവർത്തിക്കുന്നത് എക്സൈസ് റെയ്ഞ്ച് ഓഫീസാണ്. പരിമിതമായ ജീവനക്കാരെ ഉപയോഗിച്ചാണ് മദ്യ- മാഫിയാ സംഘങ്ങളെ പിടികൂടാനായി ഇവർ ഇറങ്ങിത്തിരിക്കുന്നത്. പലപ്പോഴും എക്സൈസ് ജീവനക്കാർ മദ്യ മാഫിയാ സംഘങ്ങളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടുന്നില്ല എന്നതാണ് വസ്തുത.

കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഓഫീസ്

തെക്ക് നീണ്ടകര മുതൽ വടക്കോട്ട് ഓച്ചിറ വരെയും കിഴക്കോട്ട് പാവുമ്പാ കാളിയൻ ചന്തവരെയും കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ പരിധിയിൽ വരും. നീണ്ടകരയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ 5 പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് ഒരു എക്സൈസ് റെയ്ഞ്ച് ഓഫീസുള്ളത്. വർഷങ്ങളായി കരുനാഗപ്പള്ളിയിലെ എക്സൈസ് ഓഫീസുകൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.