lory
തമിഴ്നാട് അതിർത്തിയിലെ എസ് വളവിൽ വയ്ക്കോൽ കയറ്റിയെത്തിയ വാഹനം തീ പിടിച്ച് നശിച്ച നിലയിൽ

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വയ്ക്കോൽ കയറ്റിയെത്തിയ പിക്ക് അപ്പ് വാൻ ഓട്ടത്തിനിടെ കത്തിനശിച്ചു. ഇന്നലെ പുലർച്ചെ 3ന് അതിർത്തിയിലെ എസ് വളവിന് സമീപത്തെ വിജനമായ സ്ഥലത്തായിരുന്നു അപകടം. ഇതേ തുടർന്ന് കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. ഓട്ടത്തിനിടെ വാഹനത്തിൽ തീപടരുന്നതു കണ്ട ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സിൽ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂർ വൈകിയാണ് എത്തിയതെന്ന് പരാതിയുണ്ട്. ഇതിനിടെ വയ്ക്കോലും വാഹനവും പൂർണമായും കത്തിയെരിഞ്ഞു. ഫയർ ഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ച ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.