malsya-chanda
വെളിനല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രനടയിൽ മുസ്ളീം സമുദായ അംഗങ്ങൾ നടത്തിയ മത്സ്യ ചന്ത

ഓയൂർ: വെളിനല്ലൂർ ശ്രീരാമസ്വാമിക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള എെതിഹ്യത്തിന്റെ ഭാഗമായി മീനമാസത്തിലെ രോഹിണി നാളിൽ ക്ഷേത്രനടയിൽ മുസ്ളീം സമുദായ അംഗങ്ങൾ നടത്തുന്ന മത്സ്യച്ചന്തയിൽ ഇക്കുറിയും വൻ തിരക്ക്. ക്ഷേത്രദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തർ ആചാരത്തിന്റെ ഭാഗമായി ചന്തയിൽ നിന്ന് മീനും ഉപ്പും ചുണ്ണാമ്പും വാങ്ങിയാണ് മടങ്ങുക. അടുത്ത മീനമാസത്തിലെ രോഹിണി നാൾവരെ ഗൃഹത്തിന്റെ ഐശ്വര്യത്തിനായി ഈ ഉപ്പും ചുണ്ണാമ്പും വീടുകളിൽ സൂക്ഷിക്കും.

മതസൗഹാർദ്ദത്തിന്റെ പ്രതീകമായി നടക്കുന്ന മത്സ്യച്ചന്തയോടൊപ്പം ആചാരങ്ങളുടെ ഭാഗമായി എത്തിയ കതിർകാളയും വേടർ സമുദായ അംഗങ്ങളുടെ പ്രാചീന കലാരൂപങ്ങളും ജനശ്രദ്ധയാകർഷിച്ചു. കൂടാതെ വെളിനല്ലൂർ കാളവയൽ തെക്കേവയലിൽ നടന്ന വയൽവാണിഭമേളയിൽ കന്നുകാലി വില്പനയും ഉരുക്കളുടെ പ്രദർശനവും ഉണ്ടായിരുന്നു.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കാളവയൽ വാണിഭം എന്ന കന്നുകാളിമേള മീനമാസത്തിലെ കാർത്തിക, രോഹിണി, മകയിരം നാളുകളിലായാണ് നടക്കുന്നത്. ഇത്തിക്കരയാറിന്റെ തീരത്ത് മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥലമായ കാളവയൽ ഗ്രാമം നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ കാളക്കച്ചവടത്തിന് പ്രസിദ്ധമാണ്. നാടൻ ഉരുക്കൾക്ക് പുറമെ മറുനാടൻ ഇനങ്ങളും ഇത്തവണ വിപണനത്തിനായി എത്തിയിരുന്നു. ഇതോടൊപ്പം ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുന്നിലെ ഇത്തിക്കരയാറിന്റെ മണൽപ്പരപ്പിൽ ആറ് ദിവസം നീണ്ടുനില്കുന്ന വെളിനല്ലൂർ ഫെസ്റ്റും നടക്കും.