പരവൂർ: പതിറ്റാണ്ടുകൾക്ക് മുമ്പ് അനുവദിച്ച പരവൂർ മിനി ഫിഷിംഗ് ഹാർബർ പദ്ധതി വർഷം മുപ്പത് കഴിഞ്ഞിട്ടും യാഥാർത്ഥ്യമാകുന്നില്ല. പരവൂരിലെ മത്സ്യത്തൊഴിലാളികളുടെ സ്വപ്നപദ്ധതിയാണ് ഇനിയും വെളിച്ചം കാണാതെ തറക്കല്ലിടലിൽ മാത്രമായി ഒതുങ്ങിയിരിക്കുന്നത്.
1988 ഏപ്രിലിലാണ് മിനി ഹാർബറിന്റെ നിർമ്മാണത്തിനായി തെക്കുംഭാഗം കടൽത്തീരത്തിന് സമീപം തറക്കല്ലിട്ടത്. സി.വി. പദ്മരാജൻ ഫിഷറീസ് മന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കെ. കരുണാകരനാണ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. എന്നാൽ മാറി മാറി വന്ന സർക്കാരുകൾ തുടർനടപടികൾ സ്വീകരിക്കാതെ പദ്ധതി പെരുവഴിയിലായെന്ന് നാട്ടുകാർ പറയുന്നു.
നീണ്ടകര കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ഇടം കൂടിയാണിത്. പൊഴിക്കര, ചില്ലയ്ക്കൽ, കോങ്ങാൽ, കല്ലംകുന്ന്, കുറുമണ്ടൽ, എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ കൂടാതെ ജില്ലാ അതിർത്തിയായ കാപ്പിൽ, വെറ്റക്കട, ഇടവ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ഈ മിനി ഹാർബർ ഉപയോഗപ്പെടുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമായ പദ്ധതി അടിയന്തരമായി യാഥാർത്ഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ സ്വപ്നമായ മിനി ഹാർബർ പദ്ധതി നടപ്പിലാക്കണം.
ആർ.എസ്. സുധീർകുമാർ, പരവൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി
കോവളത്തിനും നീണ്ടകരയ്ക്കും ഇടയിൽ മത്സ്യബന്ധന മേഖലയ്ക്ക് ഉപയോഗപ്രദമാകുമായിരുന്നതാണ് പരവൂർ മിനി ഫിഷിംഗ് ഹാർബർ. പദ്ധതിയുടെ സാധ്യതകൾ ഇനിയും മങ്ങിയിട്ടില്ല.
സജി അരങ്ങ്, പൊതുപ്രവർത്തകൻ