കരുനാഗപ്പള്ളി: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ വർഗീയപരമായി ചിത്രീകരിക്കുന്ന ബി.ജെ.പി രാജ്യത്തെ മുഴുവൻ വർഗീയമായി വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി പുതിയകാവ് ഐഡിയൽ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യു.ഡി.എഫ് മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര വിശ്വാസികൾ പൂർണമായും രാഹുൽ ഗാന്ധിയോടൊപ്പം നിൽക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ 5 വർഷം മോദി സർക്കാർ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോയപ്പോൾ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മൗനം പാലിക്കുകയായിരുന്നു. ഒരു ചാനലിന്റെയും സർവേഫലം കണ്ട് പ്രവർത്തർ ആഹ്ലാദിക്കുകയോ നിരാശരാകുകയോ ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി.ആർ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ എബ്രഹാം, അഡ്വ. ബിന്ദുകൃഷ്ണ, ഡോ. പ്രതാപവർമ്മതമ്പാൻ, എം. മുരളി, തൊടിയൂർ രാമചന്ദ്രൻ, എം.എസ്. ഷൗക്കത്ത്, എം.എ. സലാം തുടങ്ങിയവർ സംസാരിച്ചു.