കുണ്ടറ: ആരു ഭരിക്കണം എന്നതിലുപരി ഭാരതത്തിന്റെ ആത്മാവിനെ വീണ്ടെടുക്കാനുള്ള ഏക വഴിയാണ് 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബി ജോൺ പറഞ്ഞു. യു.ഡി.വൈ.എഫ് കൊല്ലം പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച "നമുക്ക് രാഷ്ട്രീയം പറയാം" എന്ന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തെ വിഭജിപ്പിക്കാൻ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇവിടെ വളർന്നുകൊണ്ടിരിക്കുന്നു. ഇതിനെയാണ് ഇല്ലാതാക്കേണ്ടത്. വ്യത്യസ്ത ഭാഷകളും വിശ്വാസങ്ങളും ഭക്ഷണ രീതികളുമുള്ള 130 കോടി ജനങ്ങൾ ഒരുമിച്ചു നിൽക്കുന്ന ഭാരതത്തെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.വൈ.എഫ് കൊല്ലം പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ പ്രേംരാജ്, നേതാക്കളായ അൻസാരി, അരുൺ രാജ്, ആർ.എസ്. അബിൻ, പ്രതീപ് മാത്യു, ഷെഫീഖ് ചെന്താപൂര്, ലാലു, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.