കൊല്ലം: ഹൈസ്കൂൾ - ഹയർ സെക്കൻഡറി ലയന നീക്കം ഉപേക്ഷിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളികളയുക, നിലവിലെ ദേശീയ സിലബസും പഠന മാദ്ധ്യമവും നിലനിറുത്തുക, അദ്ധ്യാപക യോഗ്യത ഇളവ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹയർസെക്കൻഡറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഹയർസെക്കൻഡറി അദ്ധ്യാപകർ ചിന്നക്കടയിലേക്ക് പ്രകടനവും പ്രതീകാത്മക ഹോമകുണ്ഡത്തിൽ ദ്രവ്യങ്ങൾ അർപ്പിച്ച് സംരക്ഷണ യജ്ഞവും നടത്തി.
സമരപരിപാടികൾ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഡി.പി.ഇ.പിയിലൂടെ പൊതുവിദ്യാഭ്യാസ മേഖലയെ തകർത്തവർ ഇന്ന് ഹയർസെക്കൻഡറിയും തകർത്ത് സ്വകാര്യ വിദ്യാഭ്യാസ ലോബിക്ക് വളരാനുള്ള അവസരം ഒരുക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു.
എസ്.എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരംഗം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. മനോജ്, മുൻ സംസ്ഥാന പ്രസിഡന്റ് ടി. പ്രസന്നകുമാർ, സംരക്ഷണസമിതി ജില്ലാ ചെയർമാൻ എസ്. സതീഷ്, ബെഞ്ചമിൻ, കസ്മീർ തോമസ്, രാജൻ മലനട, ഫിലിപ്പ് ജോർജ്, അബ്ദുൽ നിസാം, ജ്യോതി രഞ്ജിത്ത്, എച്ച്. ഷിജി, മാത്യു, പ്രകാശ്, ജോസഫ് കുട്ടി, സാം ജോൺ, ബി. ബിധു, ജയൻ, ജി. റെജി, സലാഹുദീൻ, ദീപ സോമൻ, എം. ആസിഫ്, അനിൽ പതാരം, ഷിജു ജോൺ, ഷീജ ജോർജ്, ഷൈബ കോശി എന്നിവർ സംസാരിച്ചു.