പുനലൂർ: കുടുംബവഴക്കിനെ തുടർന്ന് അച്ചൻകോവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രോഗിയായ ദളിത് വയോധികനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. അച്ചൻകോവിൽ ലക്ഷം വീട് കോളനിയിലെ താമസക്കാരനായ ചെല്ലപ്പനാണ് (58) പരാതിക്കാരൻ.
ചെല്ലപ്പൻ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ചയായിരുന്നു സംഭവം.
അന്ന് പകൽ ചെല്ലപ്പനും ഭാര്യ വാസന്തിയുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് തന്നെ മർദ്ദിച്ചതായി കാട്ടി വാസന്തി പൊലീസിൽ പരാതി നൽകി. രാത്രിയിൽ പരാതി അന്വേഷിക്കാൻ എത്തിയ 4 പൊലീസുകാർ ചേർന്ന് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും തന്റെ കവിളിൽ മർദ്ദിച്ചതായുമാണ് ചെല്ലപ്പൻ പറയുന്നത്. സ്റ്റേഷന്റെ വാതിലിൽ ഇറക്കി സ്റ്റേഷനിൽ കയറുന്നത് വരെയും മർദ്ദിച്ചെന്നും സ്റ്റേഷനുള്ളിലെ തറയിൽ കിടത്തിയ ശേഷം രണ്ട് കാലുകളിൽ പൊലീസുകാർ ചവിട്ടിപിടിച്ചശേഷം കാലുകളിൽ ലാത്തി ഉപയോഗിച്ച് അടിച്ചെന്നുമാണ് പരാതി.
പിറ്റേന്നാണ് ചെല്ലപ്പന്റെ ബന്ധുവെത്തി ഇയാളെ ജാമ്യത്തിലെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ റൂറൽ പൊലീസ് മേധാവിക്കും പുനലൂർ ഡിവൈ.എസ്.പിക്കും പരാതി നൽകുമെന്ന് ചെല്ലപ്പൻ പറഞ്ഞു. എന്നാൽ ഭാര്യയുടെ പരാതി അന്വേഷിച്ചതല്ലാതെ മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് പറയുന്നത്.