പരവൂർ: പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ അനക്സാക്കി നെടുങ്ങോലം രാമറാവു ആശുപത്രിയെ മാറ്റണമെന്ന ജനങ്ങളുടെ ആവശ്യത്തിന് നടപടിയാകുന്നില്ല. ജില്ലയിലെ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ഊർജം പകരുന്ന നടപടിക്കാണ് അധികൃതർ ഇതുവരെയും പച്ചക്കൊടി കാട്ടാതിരിക്കുന്നത്.
പരവൂർ നഗരസഭയുടെ കീഴിലെ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയെ മെഡിക്കൽ കോളേജിന്റെ അനക്സാക്കി മാറ്റുന്നതോടെ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ വർദ്ധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. പുതിയ ഡിപ്പാർട്മെന്റുകൾ നിർമ്മിക്കാൻ സ്ഥല സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജിനും ഉപയോഗപ്രദമാണിത്. പതിനാറ് ഏക്കറോളം ഭൂമിയാണ് രാമറാവു ആശുപത്രിക്ക് സ്വന്തമായുള്ളത്.
മെഡിക്കൽ കോളേജിൽ നിന്ന് എട്ട് കിലോമീറ്റർ മാത്രമാണ് നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്ക്. ഇവിടേക്കുള്ള ഗതാഗത സൗകര്യവും മെച്ചപ്പെട്ടതാണ്. ആധുനിക ചികിത്സാ രംഗത്ത് കൊല്ലം ജില്ലയെ കൈപിടിച്ചുയർത്തുന്ന ഈ പദ്ധതിക്ക് അടിയന്തരമായി നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി
രാജഭരണകാലത്ത് തിരുവിതാംകൂർ ദിവാനായിരുന്ന രാമറാവുവാണ് ആശുപത്രിക്കായി സ്ഥലം ദാനമായി നൽകിയത്. അന്നത്തെ കാലത്ത് പ്രസവവാർഡ് ഉൾപ്പെടെ ഇവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഭാവിയിൽ ആശുപത്രിയുടെ വികസനം ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെയാണ് ദിവാൻ രാമറാവു പതിനാറ് ഏക്കറോളം ഭൂമി ആശുപത്രിക്കായി വിട്ട് നൽകിയതെന്ന് പറയപ്പെടുന്നു.
മെഡിക്കൽ മേഖലയിൽ ജില്ലയെ അവഗണിക്കുന്നെന്ന പരാതിക്ക് അറുതി വരുത്തുന്നതിന് ഒരുപരിധി വരെ പരിഹാരമാകുന്നതാണ് രാമറാവു ആശുപത്രിയെ മെഡിക്കൽ കോളേജ് അനക്സാക്കി മാറ്റുന്നത്. ഇത്രയും സ്ഥലമുള്ള മറ്റൊരു ആശുപത്രി ജില്ലയിലില്ല.
എസ്. ശ്രീലാൽ
സി.പി.എം ചാത്തന്നൂർ ഏരിയാ കമ്മിറ്റി അംഗം
16 ഏക്കറോളം ഭൂമി ആശുപത്രിക്ക് സ്വന്തമായുണ്ട്. പരവൂർ- ചാത്തന്നൂർ റോഡിന്റെ കിഴക്ക് വശത്താണ് ആശുപത്രി കോമ്പൗണ്ട്. നിരവധി സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഓടുന്ന റോഡാണ്. പരവൂർ റെയിൽവേ സ്റ്റേഷനിലേക്ക് ആശുപത്രിയിൽ നിന്ന് നാല് കിലോ മീറ്റർ ദൂരമേയുള്ളൂ. ഇതൊക്കെ ആശുപത്രിയെ മെഡിക്കൽ കോളേജ് അനക്സാക്കി മാറ്റുന്നതിന് അനുകൂലമായ ഘടകങ്ങളാണ്.
കെ. ശശിധരൻ
സെക്രട്ടറി, സീനിയർ സിറ്റിസൺസ് അസോസിയേഷൻ
പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ അനക്സായി നെടുങ്ങോലം രാമറാവു ആശുപത്രി മാറുന്നതോടെ ജില്ലയിലെ മത്സ്യ, കർഷക, കയർ, കശുഅണ്ടി തൊഴിലാളികൾക്ക് അനുഗ്രഹമാകും. ഇതോടെ കൊല്ലത്തിന്റെ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാകും.
വക്കം മനോജ്
പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാനസമിതി പ്രസിഡന്റ്