കൊല്ലം: കശുഅണ്ടി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞെന്ന് കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കിളികൊല്ലൂരിലെയും വടക്കേവിളയിലെയും വിവിധ കശുഅണ്ടി ഫാക്ടറികളിൽ ലഭിച്ച സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കാഷ്യു ബോർഡ് സ്ഥാപിക്കുമെന്നത് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിയുന്നു. അത് പാലിച്ചു. പൊതുമേഖലാ ഫാക്ടറികൾ തുറന്നു. പ്രതിവർഷം കുറഞ്ഞത് ഇരുനൂറു തൊഴിൽദിനങ്ങൾ നൽകാനാണ് ശ്രമം. സ്റ്റാഫിന് ശമ്പളപരിഷ്‌കരണം നടപ്പാക്കി. ക്ഷേമനിധി പെൻഷൻ 1200 രൂപയാക്കി. അടച്ചിട്ടിരിക്കുന്ന സ്വകാര്യ ഫാക്ടറികൾ തുറക്കാൻ പ്രത്യേക പാക്കേജ് കൊണ്ടുവന്നെന്നും ബാലഗോപാൽ വ്യക്തമാക്കി.
ഉച്ചയ്ക്ക് ശേഷം കിളികൊല്ലൂരിലും വടക്കേവിളയിലും പൊതുസ്വീകരണ പരിപാടിയും നടന്നു. എം. നൗഷാദ് എം.എൽ.എ, എൽ.ഡി.എഫ് നേതാക്കളായ എക്‌സ് ഏണസ്റ്റ്, എസ്. പ്രസാദ്, ജി. ലാലു, കെ. ബിജു, അയത്തിൽ സോമൻ, കെ.പി. പ്രകാശ്, സവാദ് മടവൂരാൻ, എൻ. ജയലളിത, എ.എം. റാഫി, അനിൽ എം.ബി. തുടങ്ങിയവർ ബാലഗോപാലിനൊപ്പമുണ്ടായിരുന്നു.