കുളത്തൂപ്പൂഴ: സഹോദരിയുമൊത്ത് വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി അശോകമന്ദിരത്തിൽ അശോകൻ- അമ്പിളി ദമ്പതികളുടെ മകൻ അശ്വജിത്താണ് (അപ്പൂസ്-20) മരിച്ചത്. കുളത്തൂപ്പുഴ കെ. എം.ജെ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. വീടിൻെറ പൂമുഖത്ത് ഇരുന്നു പഠിക്കുകയായിരുന്ന സഹോദരി അശ്വതി സംഭവം അറിഞ്ഞിരുന്നില്ല. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് അംഗമായ അമ്പിളി ഭർത്താവിനോടൊപ്പം ഇലക്ഷൻ പ്രചരണത്തിനു പോയിരുന്നു. ഇരുവരും മടങ്ങി എത്തി മുറി തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.