കൊല്ലം: കൊല്ലം ഈസ്റ്റിനെ കൊല്ലം സിറ്റി പൊലീസ് പരിധിയിലെ മികച്ച സ്റ്റേഷനായി തിരഞ്ഞെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം, ജനങ്ങളോടുള്ള മാതൃകാപരമായ ഇടപെടൽ, ശുചിത്വം എന്നിവ മുൻനിറുത്തിയാണ് പുരസ്കാരം നൽകിയത്. ഈ മാസം 16 ന് തിരുവനന്തപുരം പൊലീസ് അസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ മികച്ച സ്റ്റേഷനുള്ള അവാർഡ് വിതരണം ചെയ്യും. കഴിഞ്ഞ വർഷത്തെ സേവന മികവാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനെ പുരസ്കാരത്തിന് അർഹമാക്കിയത്. സി.ഐ ആയിരുന്ന എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിലായിരുന്നു സ്റ്റേഷന്റെ പ്രവർത്തനം. പരാതി നൽകാനെത്തുന്നവർക്ക് പേനയും പേപ്പറും സൗജന്യമായി നൽകുന്ന ഇവിടെ ആവശ്യമെങ്കിൽ പരാതി എഴുതി നൽകാനും ഉദ്യോഗസ്ഥർ തയ്യാറാണ്. സന്ദർശകർക്ക് തണുത്ത കുടിവെള്ളം യഥേഷ്ടം ലഭ്യമാക്കിയിരുന്നു. ഒരു കാലത്ത് കടുത്ത ജലക്ഷാമം നേരിട്ടിരുന്ന ഇവിടെ കുഴൽക്കിണർ നിർമ്മിച്ചതോടെ കുടവെള്ളത്തിനു മുട്ടില്ലാതായി. സ്റ്റേഷൻ വളപ്പിൽ ഉപയോഗ ശൂന്യമായിക്കിടന്ന 13 ശൗചാലയങ്ങൾ വൃത്തിയാക്കി. പരിസരത്തെ കാടും വൃത്തിഹീനമായ അന്തരീക്ഷവും ഇല്ലാതാക്കി. കൂടുതൽ കേസുകൾ വരുന്ന സ്റ്റേഷനായിട്ടു കൂടി ഒന്നിനും കാലതാമസം വരുത്താതെ മുന്നോട്ടു നീങ്ങുന്നു എന്നതാണ് ഇവിടത്തെ സവിശേഷത. പ്രമാദമായ പല കേസുകളിലും പ്രതികളെ വളരെ വേഗത്തിൽ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടുണ്ട്.
70 പേർ
സി.ഐക്ക് സ്റ്റേഷൻ ഹൗസ് ഓഫീസറിന്റെ ചുമതലയുള്ള സ്റ്റേഷനിൽ നാല് എസ്.ഐമാരും സിവിൽ പൊലീസ് ഉദ്യോഗസ്ഥരുമടക്കം 70 ആണ് അംഗ സംഖ്യ. എന്നാൽ ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലിരിക്കാൻ തീരെ സമയം കിട്ടാറില്ല. പകുതിയിലധികം ഉദ്യോഗസ്ഥർക്കും കൂടുതൽ സമയം പുറം ഡ്യൂട്ടിയാണ്.