road
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഉറുകുന്ന് കോളനി ജംഗ്ഷനിലെ റോഡിൽ രൂപപ്പെട്ട വൻ കുഴികളിൽ വാഹനങ്ങൾ വീഴാതിരിക്കാൻ സിഗ്നൽ സ്ഥാപിച്ചിരിക്കുന്നു..

പുനലൂർ: ഇക്കഴിഞ്ഞ ശബരിമല സീസണിൽ കുഴികൾ നികത്തി അറ്റകുറ്റപ്പണി നടത്തിയ കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ വീണ്ടും വൻ കുഴികൾ രൂപപ്പെട്ടത് ഇരുചക്ര വാഹന യാത്രക്കാർ അടക്കമുള്ളവർക്ക് ഭീഷണിയാവുന്നു. ദേശീയ പാതയിൽ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള കൊടും വളവുകളിലും റോഡിന്റെ മദ്ധ്യഭാഗത്തുമായാണ് വലിയ കുഴികൾ രൂപപ്പെട്ടത്. പുനലൂർ, വാളക്കോട്, വാളക്കോട് മുസ്ലിം പള്ളിക്ക് സമീപം, കലയനാട്, ക്ഷേത്ര ഗിരി, ഉറുകുന്ന് കോളനി ജംഗ്ഷൻ തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ പാതയിൽ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടുന്നതും പുനരുദ്ധാരണത്തിലെ അപാകതയുമാണ് റോഡ് തകരാൻ മുഖ്യകാരണമെന്ന് വാഹന ഉടമകൾ പറയുന്നു. അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ കുഴിയിൽ വീണ് അപകടം പറ്റുന്നത് നിത്യസംഭവമാണ്. ദേശീയ പാതയിലെ വാളക്കോട് മുസ്ലിം പള്ളിക്ക് സമീപത്തെ കൊടും വളവിലുള്ള കുഴിയിൽ വീണാണ് അപകടങ്ങളിൽ കൂടുതലുമുണ്ടാവുന്നത്. ശബരിമല സീസൺ കണക്കിലെടുത്ത് മൂന്ന് മാസം മുമ്പ് നവീകരിച്ച ദേശീയ പാതയാണ് ഇപ്പോൾ അപകടക്കെണിയായത്. ചരക്ക് ലോറികൾ അടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന അന്തർ സംസ്ഥാന പാതയാണിത്.

അപകടങ്ങൾ നിരവധി

മൂന്ന് ആഴ്ച മുമ്പാണ് തമിഴ്നാട്ടിൽ നിന്നും വാഴക്കുല കയറ്റിയെത്തിയ മിനി ലോറി വാളക്കോട് കൊടും വളവിലെ കുഴികൾ ഒഴിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിന്റെ വലത് ഭാഗത്തെ 50 അടി താഴ്ചയിൽ ലോറി മറിഞ്ഞിരുന്നെങ്കിൽ വൻ അപകടം സംഭവിച്ചേനെ. ഇതേ ദിവസം തന്നെയാണ് പുനലൂർ ഭാഗത്ത് നിന്നെത്തിയ സുമോ വാൻ നിയന്ത്രണം വിട്ട് സമീപത്തെ കുറ്റിക്കാട്ടിൽ ഇടിച്ചു നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഒന്നര മാസം മുമ്പ് രൂപപ്പെട്ട കുഴികൾ നികത്തി അപകടം ഒഴിവാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ദീർഘ ദൂര കെ.എസ്.ആർ.ടി.സി ബസുകൾ അടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന അന്തർ സംസ്ഥാന പാതയിലാണ് വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ അപകടം പതിയിരിക്കുന്നത് വാളക്കോട് മുസ്ലിം പള്ളിക്ക് സമീപത്തെ വളവിലാണ്. എത്രയും വേഗം റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണം.

ഇ. ഷംസുദ്ദീൻ, സി.പി.ഐ ഇടമൺ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി