photo
എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തിനത്തിന്റെ ഭാഗമായുള്ള കശുവണ്ടി തൊഴിലാളി കുടുംബ സംഗമത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രസംഗിക്കുന്നു.

കരുനാഗപ്പള്ളി : എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കശുഅണ്ടി തൊഴിലാളി മേഖലയിൽ സംഘടിപ്പിച്ച കുടുംബ സംഗമം തൊഴിലാളികളുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി. കുടുംബ സംഗമങ്ങളിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പങ്കെടുത്തു. കരുനാഗപ്പള്ളി ചരമുറി ജംഗ്ഷന് സമീപമുള്ള ലതാ കാഷ്യൂ ഫാക്ടറിയിൽ ആയിരുന്നു ആദ്യ സന്ദർശനം. കാപ്പക്സ് ചെയർമാൻ പി .ആർ. വസന്തനോടൊപ്പമാണ് മന്ത്രി എത്തിയത്. കശുഅണ്ടി മേഖലയിൽ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഒന്നൊന്നായി പറഞ്ഞായിരുന്നു മന്ത്രിയുടെ പ്രസംഗം. കശുഅണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനും മന്ത്രി സമയം കണ്ടെത്തി. തുടർന്ന് ആദിനാട് സംഘപുര ജംഗ്ഷന് സമീപമുള്ള ക്ലാസിക്ക് കശുഅണ്ടി ഫാക്ടറിക്ക് സമീപം ചേർന്ന കുടുംബ സംഗമത്തിലേക്ക് മന്ത്രി പങ്കെടുത്തു. ആദിനാട് കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറിയിലേക്കായിരുന്നു മന്ത്രിയുടെ അടുത്ത പര്യയടനം. ഉച്ചയ്ക്ക് രണ്ടരയോടെ അഴീക്കൽ ഭദ്രം തുരുത്തിനു സമീപം ചേർന്ന കുടുംബയോഗത്തിലാണ് മന്ത്രി അവസാനമായി പങ്കെടുത്തത്. മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവുമധികം കരുതലും സംരക്ഷണവും ഉറപ്പുവരുത്തിയ സർക്കാരാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന അദ്ധ്യക്ഷത വഹിച്ചു. പി .ആർ. വസന്തൻ, മത്സ്യഫെഡ് ഡയറക്ടർ ജി. രാജരദാസ്, സോളമൻ നെറ്റോ, ബി.എ. ബ്രിജിത്ത്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ. അനിരുദ്ധൻ , പ്രസാദ്, എം.ബി. സഞ്ജീവ്, അബ്ദുൽസലാം അൽഹന തുടങ്ങിയവർ പങ്കെടുത്തു.