കരുനാഗപ്പള്ളി: ഇന്ത്യയിൽ മതേതരത്വ സർക്കാർ അധികാരത്തിൽ വരുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ വിജയിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ രണ്ടാംഘട്ട സ്വീകരണ പരിപാടി മണപ്പള്ളി നാലുവിള ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. കഴിഞ്ഞ 5 വർഷത്തെ മോദി ഭരണത്തിൽ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും വൻ വെല്ലുവിളികൾ നേരിടുകയാണ്. ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ കേരളത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. സ്വീകരണ യോഗത്തിൽ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ നന്ദിപ്രസംഗം നടത്തി. പാവുമ്പാ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്, കെ.ജി. രവി, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, അഡ്വ. എം.എ. ആസാദ്, കെ.പി. രാജൻ, ഷിബു എസ്. തൊടിയൂർ തുടങ്ങിയവർ സംസാരിച്ചു.