കൊല്ലം: കൊടും ചൂടിലും പൊരിവെയിലിലും നാട് നട്ടംതിരിയുമ്പോഴും തണ്ണീർത്തടങ്ങളും വയലുകളും ഇല്ലാതാക്കാൻ വ്യാപക നീക്കം. ജില്ലയുടെ പലഭാഗങ്ങളിലും പാടശേഖരങ്ങൾ മണ്ണിട്ട് നികത്തുന്നത് വ്യാപകമാകുന്നു. ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിൽ ഏർപ്പെട്ട അവസരം പരമാവധി മുതലാക്കാനാണ് ഭൂമാഫിയയും മണ്ണ് മാഫിയയും ലക്ഷ്യമിടുന്നത്.
ഒരുകാലത്ത് സമ്പുഷ്ടമായിരുന്ന കുളങ്ങളും തണ്ണീർത്തടങ്ങളും പാടശേഖരങ്ങളും മണ്ണിട്ട് നികത്തി കോൺക്രീറ്റ് വനങ്ങളാക്കി മാറ്റിയതിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ കൊടും ചൂടും വേനലും എന്നത് ശാസ്ത്രലോകം പലതവണ മുന്നറിയിപ്പ് നൽകിയതാണ്. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകാത്തതാണ് ഭൂമാഫിയകളുടെ അഴിഞ്ഞാട്ടത്തിന് കാരണമാകുന്നത്.
ഇപ്പോൾ പുലർച്ചെ മുതൽ ജില്ലയിലെ എല്ലാ റോഡുകളിലൂടെയും കുന്നും മലയും ഇടിച്ച മണ്ണുമായി ടിപ്പർ ലോറികൾ ചീറിപ്പായുകയാണ്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങിയ സ്ക്വാഡുകളെല്ലാം നിർജ്ജീവമാണ്. നിരവധി പരാതികൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ചിട്ടും നടപടിയെടുക്കാൻ ജില്ലാഭരണകൂടത്തിന് കഴിയുന്നുമില്ല.
വയൽ നികത്തിയെന്ന റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല
കൊറ്റങ്കര വില്ലേജിൽ മാമ്പുഴ ഏലായുടെ താഴ്ഭാഗത്ത് ആലുംമൂട്ടിൽ ചിറയ്ക്ക് സമീപം മുതൽ പാറശ്ശേരി ഭാഗം വരെ നെൽവയൽ നികത്തൽ തകൃതിയായി നടക്കുകയാണ്. 4 മീറ്ററോളം വീതിയിലും 500 മീറ്ററോളം നീളത്തിലും മണ്ണിട്ട് നികത്തിക്കഴിഞ്ഞു. കേരളാ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ബന്ധപ്പെട്ട കൃഷിഓഫീസർ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. നെൽക്കൃഷിയുള്ള ഏലായാണിത്. മണ്ണിട്ട് നികത്തുന്നത് ഏലായിലെ നെൽകൃഷിയെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. നികത്തിയ സ്ഥലം പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും ആർ.ഡി.ഒയ്ക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.