vote
പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോഗ് മുറിയിൽ സൂക്ഷിച്ചിരുന്ന ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ബാലറ്റ് സെറ്റു ചെയ്യുന്ന ജീവനക്കാർ.

പുനലൂർ: പുനലൂർ നിയോജക മണ്ഡലത്തിലെ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളിൽ ബാലറ്റ് സെറ്റിംഗ് ജോലികൾ ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്ട്രോഗ് മുറികളിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിലാണ് ബാലറ്റ് സെറ്റ് ചെയ്തു തുടങ്ങിയത്. മണ്ഡലത്തിലെ 196 പോളിംഗ് സ്റ്റേഷനുകളിലേക്കാവശ്യമായ 234 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലാണ് പാർലമെന്റ് മണ്ഡലത്തിലെ 9 സ്ഥാനാർത്ഥികൾ ചുമതലപ്പെടുത്തിയ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ ബാലറ്റ് സെറ്റിംഗ് നടത്തുന്നത്. വരണാധികാരിയായ തെന്മല ഡി.എഫ്.ഒ സൺ, പുനലൂർ തഹസിൽദാർ വിനോദ് രാജ്, ഇലക്ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ഭാരത് ഇലക്ട്രോണിക്ക് എന്നീ വിഭാഗങ്ങളിലെ എൻജിനിയർമാർ അടക്കം വിവിധ വകുപ്പുകളിലെ 125 ൽ അധികം ജീവനക്കാരാണ് ബാലറ്റ് സെറ്റിംഗിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ന് വൈകിട്ട് 6ന് ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ബാലറ്റ് സെറ്റിംഗ് പൂർത്തിയാക്കുന്നതിനൊപ്പം, സ്ഥാനാർത്ഥികളുടെ ചിത്രം തെളിയുന്ന 271 യന്ത്രങ്ങളുമായി വോട്ടിംഗ് യന്ത്രം ബന്ധിപ്പിക്കും. പിന്നീട് ഇതിൽ വോട്ട് ചെയ്തു ഏജന്റുമാരെ ബോദ്ധ്യപ്പെടുത്തും. തുടർന്ന് സീൽ ചെയ്ത യന്ത്രങ്ങൾ സ്ട്രോഗ് മുറികളിലേക്ക് മാറ്റും. 22ന് രാവിലെ മുതൽ വോട്ടിംഗ് യന്ത്രങ്ങൾ വിതരണം ചെയ്യും.