കുളത്തൂപ്പുഴ : ഒരു വർഷം കഴിഞ്ഞിട്ടും ഇനിയും പണിതീരാത്ത കുളത്തൂപ്പുഴ - തെന്മല പാത നവീകരണം ടൗണിലെ വ്യാപാരികൾക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം. നിർമ്മാണത്തിന്റെ പേരിൽ വ്യാപാര ശാലകൾക്ക് മുന്നിൽ ദിവസങ്ങളോളം കുഴിയെടുത്തിടുന്നത് വ്യാപാരികളെയും വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇഴഞ്ഞ് നീങ്ങുന്ന റോഡ് പണിയുടെ പേരിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് വ്യാപാരികൾ പറയുന്നു.
പുതുതായി ടാർ ചെയ്തത് നിലവിലുണ്ടായിരുന്ന തറനിരപ്പിൽ നിന്നും കൂടുതൽ ഉയരത്തിലായതിനാൽ റോഡ് വക്കിൽ പലയിടത്തും ഉയരം കൂടിയും കുറഞ്ഞും കിടക്കുകയാണ്. റോഡ് വക്കിലെ താഴ്ച നിരപ്പാക്കാതെ വന്നതോടെ നാട്ടുകാർ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകുകയും കരാറുകാരൻ ഇന്റലോക്ക് കട്ടകൾ എത്തിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കുളത്തൂപ്പുഴ പോസ്റ്റോഫീസിനു മുൻവശത്തെ റോഡിൽ കട്ടകൾ നിരത്തുന്ന ജോലി നടന്നു. എന്നാൽ ബാക്കിയുള്ള ഭാഗത്തേക്ക് ഇടുന്നതിനായി എത്തിച്ച കട്ടകൾ വലുപ്പക്കുറവുള്ളതും മറ്റെവിടെയോ തറയിൽ പാകിയിരുന്നത് ഇളക്കിക്കൊണ്ടുവന്നതാണെന്നും വ്യാപാരികൾ ആരോപിക്കുന്നു. ഇത്തരത്തിൽ പല വലുപ്പത്തിലുള്ള കട്ടകൾ നിരത്തി പാത നവീകരിക്കാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഇത്തരത്തിൽ ആശാസ്ത്രീയമായി റോഡ് നവീകരണം തുടർന്നാൽ അധികം താമസിക്കാതെ റോഡ് വീണ്ടും തകരുമെന്ന് പ്രദേശവാസികൾ പറയുന്നു.
കുളത്തൂപ്പുഴ സെൻട്രൽ ജംഗ്ഷനും പരിസരവും കുത്തിപ്പൊളിച്ചിട്ടതിനെ തുടർന്ന് ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവിലാണ് ടാറിംഗ് പണി പൂർത്തിയാക്കിയത്. പുതുതായി ടാർ ചെയ്തത് നിലവിലുണ്ടായിരുന്ന തറനിരപ്പിൽ നിന്നും കൂടുതൽ ഉയരത്തിലായതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.