road
പനച്ചവിള ജംഗ്ഷനിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ച ശേഷം റോഡിലെ കുഴി പകുതി മൂടിയ നിലയിൽ

അഞ്ചൽ: അഞ്ചൽ മേഖലയിലെ മിക്ക റോഡുകളിലും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പുകൾ സ്ഥാപിക്കാൻ എടുത്തിട്ടുള്ള കുഴികൾ അപകടക്കെണിയാവുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് കൂടുതലായും പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. പൈപ്പുകൾ സ്ഥാപിച്ച ശേഷം വേണ്ട രീതിയിൽ കുഴികൾ മൂടാത്തതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം. ടാറും കോൺക്രീറ്റും പൊളിച്ചാണ് മിക്ക സ്ഥലങ്ങളിലും കുഴികൾ എടുത്തിട്ടുള്ളത്. പൈപ്പുകൾ സ്ഥാപിച്ച ശേഷം കുഴികൾ പൂർവസ്ഥിതിയിലാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ മിക്ക സ്ഥലങ്ങളിലും പേരിന് മാത്രം മണ്ണിട്ട് നികത്തി മുങ്ങുകയാണ് കരാറുകാർ. പനച്ചവിള ജംഗ്ഷൻ, പനച്ചവിള തടിക്കാട് റോഡ്, അഞ്ചൽ - ആയൂർ റോഡ്, പനയഞ്ചേരി - ഏറം റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ കുഴികൾ മൂലം അപകടം തുടർക്കഥയായിരിക്കുകയാണ്. നിരവധി വാഹനങ്ങളാണ് ഈ പ്രദേശങ്ങളിൽ ദിവസവും അപകടത്തിൽപ്പെടുന്നത്. അധികൃതർക്ക് പല തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.