photo
പിടിയിലായ പ്രതി നൂർ മുഹമ്മദ്

കൊല്ലം: പുതപ്പ് വിൽപ്പനയ്ക്കെത്തി ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഉത്തർപ്രദേശുകാരനായ യുവാവ് പിടിയിൽ. അലിഗഡ് സ്വദേശി നൂർ മുഹമ്മദിനായാണ് (26) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ആയൂരിൽ വാടക വീട്ടിൽ താമസിച്ച് ജില്ലയുടെ പലഭാഗങ്ങളിലായി പുതപ്പുകളും ഷീറ്റുകളും വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടതാണ് നൂർ മുഹമ്മദ്.

വെട്ടിക്കവല കാവുങ്കൽ കോളനിയിലെത്തി വീടുകൾ കയറിയിറങ്ങുന്നതിനിടെ യുവതിയുടെ വീട്ടിലുമെത്തി. പുതപ്പ് വേണ്ടെന്ന് പറഞ്ഞ് യുവതി വീടിനുള്ളിലേക്ക് കടന്നതും നൂർ മുഹമ്മദ് പിന്നാലെ വീട്ടിനുള്ളിൽ കടന്ന് വാതിൽ അടച്ചു. ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. കടന്നുപിടിച്ച് തള്ളിവീഴ്ത്തിയെങ്കിലും കുതറി രക്ഷപ്പെട്ട യുവതി പുറത്തേക്കോടി. പ്രതിയും ഓടിരക്ഷപ്പെട്ടു.

വിവരമറിഞ്ഞ് കൊട്ടാരക്കരയിൽ നിന്നെത്തിയ പൊലീസ് സംഘം പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ പുതപ്പ് വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ മറ്റ് നാല് പേരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് പ്രതിയുടെ വിവരങ്ങൾ മനസ്സിലാക്കി നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ നൂർ മുഹമ്മദ് വെട്ടിക്കവല ജംഗ്ഷനിലെത്തിയപ്പോൾ ഓട്ടോ തൊഴിലാളികൾ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സി.ഐ ന്യുഅമാൻ, എസ്.ഐ സുനിൽ ഗോപി, എ.എസ്.ഐ ഷാജഹാൻ, സിവിൽ പൊലീസ് ഓഫീസർ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തത്. രണ്ട് മാസം ഗർഭിണിയായ യുവതി കൊട്ടാരക്കര പൊലീസ് മുമ്പാകെ മൊഴി നൽകി. സ്റ്റേഷനിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജാഗ്രത വേണം

ജില്ലയുടെ പലഭാഗത്തും ഇതര സംസ്ഥാനക്കാരായ സംഘമെത്തിയിട്ടുണ്ട്. പുതപ്പ്, മറ്റ് ഷീറ്റുകൾ വിൽപ്പന നടത്തുന്നതാണ് ഒരു വിഭാഗം. ആക്രി പറക്കാനെത്തുന്ന മറ്റൊരു കൂട്ടരുമുണ്ട്. ബസുകളിലും തിരക്കുള്ള സ്ഥലങ്ങളിലുമെത്തി മാലപൊട്ടിക്കുന്ന സംഘവുമുണ്ട്. സ്ത്രീകളും കുട്ടികളുമാണ് പ്രധാനമായും ഇവരുടെ ആക്രമണത്തിന് വിധേയരാകുന്നത്. സ്ത്രീകൾ ഒറ്റയ്ക്കുള്ളപ്പോൾ അന്യ സംസ്ഥാനക്കാരെ വീട്ടുപരിസരത്ത് നിന്ന് അകറ്റേണ്ടതാണ്. എച്ച്.ഐ.വി അടക്കമുള്ള മാരക രോഗങ്ങളുള്ളവരും സംഘത്തിലുണ്ടാകാൻ സാദ്ധ്യതയുണ്ട്. പൊതുസമൂഹം ജാഗ്രത പുലർത്തണം. സംശയകരമായി കണ്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.

കെ.ജി.സൈമൺ, കൊല്ലം റൂറൽ എസ്.പി