കൊട്ടിയം: കുടിക്കാനും നനയ്ക്കാനും വെള്ളമില്ലാതെ കൊറ്റങ്കര പഞ്ചായത്തിലെയും ഇളമ്പള്ളൂർ പഞ്ചായത്തിലെയും വാർഡുകളിലെ ജനങ്ങൾ വലയുന്നു. മാസങ്ങളായി പ്രദേശങ്ങളിലെ പൊതുടാപ്പുകളിൽ വെള്ളം ലഭിക്കുന്നില്ല. കിണറുകളും വറ്റി വരണ്ട് ജനങ്ങളുടെ ദുരിതജീവിതം ദിനംപ്രതി രൂക്ഷമാകുന്നു.
പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വല്ലപ്പോഴും എത്തിക്കുന്ന കുടിവെള്ളമാണ് ജനങ്ങൾക്ക് ഏക ആശ്വാസം. പൊതുകിണറുകളും കുളങ്ങളും നീർത്തടങ്ങളും ജല സ്രോതസുകളും സംരക്ഷിക്കാത്തതാണ് ജലക്ഷാമത്തിന് കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെടുന്നു.
കൊറ്റങ്കര പഞ്ചായത്തിലെ എട്ടാം വാർഡ് ലക്ഷം വീട് കോളനി, ഇളമ്പള്ളൂർ പഞ്ചായത്തിലെ ആലുംമൂട് കുറ്റിമുക്ക്, മോതിമുക്ക് എന്നിവിടങ്ങളിലെ സമ്പുഷ്ടമായിരുന്ന പൊതുകിണറുകളാണ് സംരക്ഷിക്കാതെ വറ്റിവരണ്ടത്. കേരളപുരം, വേലംകോണം, മാമ്പുഴ, പുനക്കന്നൂർ ഭാഗത്തെ കൊറ്റങ്കര പഞ്ചായത്തിലെ ജലസ്രോതസുകളും നശിച്ചു കഴിഞ്ഞു.
വയൽ ഭാഗങ്ങളിലാണ് വെള്ളത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കുറ്റിച്ചിറ, തെറ്റിച്ചിറ, കോടംവിള ജംഗ്ഷൻ, ചിറക്കരോടു ഭാഗം, കൊറ്റംകര മാമ്പുഴ, കുമ്പളം ഏരിയ, ചന്ദനതോപ്പ് വാർഡ്, കേരളപുരം കോവിൽമുക്ക് തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കിട്ടാക്കനിയായിരിക്കുകയാണ്.
വെള്ളമെത്തിക്കാൻ കഴിയാതെ പഞ്ചായത്ത്
കുടിവെള്ള ക്ഷാമം രൂക്ഷമായ അവസ്ഥയിലും പ്രദേശത്ത് ആവശ്യത്തിന് വെള്ളമെത്തിക്കാൻ പഞ്ചായത്തുകൾക്ക് കഴിയുന്നില്ല. മസൂരിച്ചിറയിൽ വെള്ളം കൊണ്ടുവന്ന് സംഭരിച്ച് അവിടെ നിന്ന് ശുദ്ധീകരിച്ച് കൊറ്റംങ്കര പഞ്ചായത്തിലും മറ്റ് സ്ഥലങ്ങളിലും വെള്ളം എത്തുമെന്ന കാത്തിരിപ്പിലാണ് നാട്ടുകാർ. കല്ലട ഞാങ്കടവിൽ നിന്ന് മുളവന വഴി ഇളമ്പള്ളൂർ, കേരളപുരം വഴി വേലംകോണം, മാമ്പുഴ ക്ഷേത്രം, കൊറ്റങ്കര ദേശാഭിമാനി, കൊറ്റങ്കര മേലൂട്ട്കാവ് ക്ഷേത്രം, തട്ടാർ കോണം, താഹമുക്ക്, കുറ്റിച്ചിറ, പുന്തലത്താഴം വഴിയാണ് മസൂരിച്ചിറയിൽ വെളളമെത്തിക്കുന്നത്. ഈ പദ്ധതി വൈകാതെ നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. എം.എൽ.എ ഫണ്ടോ, എം.പി ഫണ്ടോ വിനിയോഗിച്ച് ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കുടിവെള്ളക്ഷാമം പരിഹരിക്കണം
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള ക്ഷാമം അനുദിനം രൂക്ഷമാകുകയാണ്. ഈ അവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരമുണ്ടാക്കണം. ജലസംഭരണികളും നീർത്തടങ്ങളും സംരക്ഷിക്കണം.
കെ.പി. രാജപ്പൻ
പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 6059-ാം നമ്പർ ശ്രീ കേശവൻ മെമ്മോറിയൽ ശാഖ
ജലക്ഷാമമുള്ള വാർഡുകളിൽ കുടിവെള്ളമെത്തിക്കാൻ സ്ഥിരം സംവിധാനമുണ്ടാകണം.
എസ്. ചക്രായുധൻ
സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം 6059-ാം നമ്പർ ശ്രീകേശവൻ മെമ്മോറിയൽ ശാഖ
പൊതുകിണറുകളും കുളങ്ങളും നീർത്തടങ്ങളും സ്ഥിരമായി സംരക്ഷിക്കാൻ നടപടിയുണ്ടാകണം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുളള വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം.
എസ്. വിജയൻ, എക്സിക്യൂട്ടീവ് അംഗം, എസ്.എൻ.ഡി.പി യോഗം 6059-ാം നമ്പർ ശ്രീകേശവൻ മെമ്മോറിയൽ ശാഖ