look
കെ.ഐ.പിയുടെ ഒറ്റക്കൽ ലുക്കൗട്ട് പവലിയന്റെ കൈവരികൾ നശിച്ച നിലയിൽ

പുനലൂർ: തെന്മലയുടെ പ്രകൃതി സൗന്ദ്യരം ആസ്വദിക്കാൻ കല്ലട ഇറിഗേഷന്റെ ഒറ്റക്കൽ ലുക്കൗട്ട് പവലിയനിൽ എത്തുന്ന വിനോദ സഞ്ചാരികൾ അപകട ഭീതിയിൽ. പവലിയന്റെ സിമന്റ് കൈവരികൾ തകർന്ന് സന്ദർശകരുടെ ജീവന് തന്നെ സുരക്ഷയില്ലാത്ത അവസ്ഥയിലാണ്. കാൽനൂറ്രാണ്ട് മുമ്പ് പണികഴിപ്പിച്ച പവലിയന്റെ മൂന്നാം നിലയുടെ കൈവരികളാണ് കാലപ്പഴക്കത്തിൽ ദ്രവിച്ചത്. സിമന്റ് കാലുകൾ ഇളകിമാറി കമ്പികൾ മാത്രമായ അവസ്ഥയാണ് ഇപ്പോൾ.

എട്ട് വർഷമായി തകർന്ന് കിടക്കുന്ന കൈവരികൾ പുനർനിർമ്മിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. കൊല്ലം - തിരുമംഗലം ദേശീയപാതയോരത്ത് പണിത പവലിയന്റെ മൂന്നാമത്തെ നിലയിൽ നിന്നാൽ അഞ്ച് കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന തെന്മല പരപ്പാർ അണക്കെട്ടും സമീപത്തെ 250 അടി താഴ്ചയിലൂടെ ഒഴുകുന്ന കല്ലടയാറും ഒറ്റക്കൽ ലുക്കൗട്ട് തടയണയും കാനനഭംഗിയുമെല്ലാം ദൃശ്യമാകും.

കൈവരികൾ നശിച്ചതോടെ വലിയ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്. കാൽ ഒന്ന് വഴുതിയാൽ 250 അടി താഴ്ചയിൽ ഒഴുകുന്ന കല്ലടയാറ്റിലേക്ക് വീഴുമെന്ന അവസ്ഥയാണ്. അവധിക്കാലമായതോടെ കുട്ടികൾ അടക്കം ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഒറ്റക്കൽ ലുക്ക്ഔട്ട് പവലിയനിലേക്ക് എത്തുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കൈവരികളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.