ഇരവിപുരം: നരേന്ദ്രമോദിക്കും പിണറായി വിജയനുമുള്ള ഷോക്ക് ട്രീറ്റ്മെന്റായിരിക്കണം ഈ തിരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ചകിരിക്കടയിൽ സംഘടിപ്പിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ മുഖ്യശത്രു ആരാണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറാകണം. ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. പച്ചയായ വർഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട്നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെക്കുറിച്ച് ബി.ജെ.പി പറഞ്ഞ വാദഗതി തന്നെയാണ് സി.പി.എമ്മിനുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ, ആർ.എസ്.പി നേതാവ് ശ്രീധരൻപിള്ള, ലീഗ് ജില്ലാ നേതാക്കളായ നൗഷാദ് യൂനുസ്, അൻസാറുദീൻ, വട്ടപ്പാറ നാസിമുദ്ദീൻ, നവാസ് വരവിള, ഉമയനല്ലൂർ ഷിഹാബുദീൻ, മാജിദാ വഹാബ്, എം.എ. സലാം, കൊല്ലൂർവിള നാസിമുദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, കെ.യു. ബഷീർ, അഹമ്മദ് ഉഖൈൽ, നുജുമുദ്ദീൻ അബൂബക്കർ, സബീർ ചകിരിക്കട, സുധീർ കിടങ്ങിൽ, അൻവർ കൊട്ടിയം തുടങ്ങിയവർ സംസാരിച്ചു.