img
ചടയമംഗലത്ത് എല്‍.ഡി.എഫ് സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു

ആയൂർ: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ പാർട്ടി മാറില്ല എന്ന ഉറപ്പ് കൂടി പറയേണ്ട ഗതികേടിലാണ് രാജ്യത്തെ കോൺഗ്രസ് പാർട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചടയമംഗലത്ത് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ബി.ജെ.പിയെ വളർത്തുന്നത് കോൺഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ത്രിപുര, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ബി.ജെ.പിയുമായി സമരസപ്പെട്ട് പോകാൻ ആഗ്രഹിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. 2014ലെ തിരഞ്ഞെടുപ്പിലുണ്ടായതിനേക്കാൾ വലിയ വിജയമായിരിക്കും 2019 ൽ എൽ.ഡി.എഫിന് ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എ. മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുല്ലക്കര രത്‌നാകരൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കൊല്ലായിൽ സുദേവൻ, എസ്. രാജേന്ദ്രൻ, പി.കെ. ബാലചന്ദ്രൻ, സി. രാജപ്പൻ നായർ, എസ്. ബുഹാരി, വിക്രമൻ, എം. നസീർ, അഡ്വ. സാം കെ. ഡാനിയേൽ, കരിങ്ങന്നൂർ മുരളി തുടങ്ങിയവർ സംസാരിച്ചു.