കുളത്തൂപ്പുഴ: വനത്തിനുള്ളിൽ നിന്ന് ആമകളെ വേട്ടയാടി കടത്തുന്നതിനിടെ രണ്ടുപേരെ വനപാലകർ പിടികൂടി. സംഘത്തിലുണ്ടായ മറ്റ് രണ്ടുപേർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. നെടുമങ്ങാട് കരിപ്പൂർ ശാസ്തമംഗലത്ത് യമുനാ ഭവനിൽ ബിനു (50), ആര്യനാട് ഈഞ്ചപുരി തടത്തരികത്ത് വീട്ടിൽ രഘു(49) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ട കുളത്തൂപ്പുഴ വില്ലുമല ആയിരവല്ലികോണത്ത് ഷാജിഭവനിൽ ഷാജി, നെടുമങ്ങാട് പാളയത്തുംകുഴി ശാന്തിഭവനിൽ വിക്രമൻ എന്നിവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തെന്മല വനം റേഞ്ചിൽ കല്ലുവരമ്പ് സെക്ഷനിലെ വില്ലുമല ചൂടൽ പാപ്പാൻകുന്ന് ഭാഗത്തായിരുന്നു സംഭവം. സെക്ഷൻ ഫോറസ്റ്റർ ആർ. സജീവന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 13 ആമകളെ രണ്ടു ചാക്കുകളിൽനിറച്ച് വനത്തിനു പുറത്തേക്ക് കടത്തുന്നതിനിടെ പ്രതികൾ പിടിയിലായത്. കാട്ടുമാവുകൾ കായ്ച്ചുതുടങ്ങിയ സമയമായതിനാൽ ഇവ ഭക്ഷണമാക്കാനായി ആമകൾ കൂട്ടത്തോടെ മാവിൻ ചുവട്ടിൽ എത്താറുണ്ട്. ഇത് മനസിലാക്കിയാണ് പ്രതികൾ വേട്ടയ്ക്കായി കാട്ടിൽ എത്തിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനീഷ്, എം.എസ്. വേണുഗോപാൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി. ബിജുകുമാർ, ടി. സുനിൽകുമാർ, രാഹുൽസിംഗ്, വാച്ചർ അനിരുദ്ധൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിടിയിലായ വിക്രമൻ രക്ഷപ്പെട്ട ഷാജിയുടെ സഹോദരി ഭർത്താവാണ്. കാട്ടിറച്ചിക്ക് പുറത്ത് നല്ല വിലകിട്ടുമെന്നതിനാൽ ഇയാൾ സഹായത്തിനായി നെടുമങ്ങാട്ട് നിന്നും മറ്റുപ്രതികളെ വിളിച്ചുവരുത്തുകയായിരുന്നു. കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന്റെ ഭാഗമായുള്ള തിരക്ക് മറയാക്കി ആമകളെ കടത്താനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ഷാജി മുമ്പും വനം കേസിൽ ഉൾപ്പെട്ട ആളാണ്. 1972ലെ വന നിയമപ്രകാരം ഷെഡ്യൂൾ 4ൽ പെട്ട ആമള പിടികൂടുന്നതും വിൽപ്പന നടത്തുന്നതും രണ്ടുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന ശിക്ഷയാണ്.
ബി. വേണുകുമാർ, തെന്മല വനം റേഞ്ച് ഓഫീസർ