malinyam
പൂയപ്പള്ളി കാറ്റാടിയിൽ കെ.ഐ.പി കനാലിലൂടെ ഒഴുകി എത്തിയ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു

ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ കാറ്റാടിയിൽ കെ.ഐ.പി കനാലിലൂടെ ഒഴുകിയെത്തിയ മാലിന്യം കടുത്ത ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നു. കാറ്റാടി ജംഗ്ഷനിൽ മരുതമൺപള്ളി-അമ്പലംകുന്ന് റോഡ് കടന്നുപോകുന്ന ഭാഗത്തെ കലുംഗിന് സമീപത്താണ് മാലിന്യങ്ങൾ കുന്നുകൂടി കടുത്ത ദുർഗന്ധം വമിക്കുന്നത്. മാംസാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകളിൽ നിറച്ച മറ്റ് മാലിന്യങ്ങൾ, പഴന്തുണികൾ, ചപ്പു ചവറുകൾ, സാനിട്ടറി നാപ്കിനുകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. 75 മീറ്ററോളം നീളത്തിൽ മാലിന്യം കെട്ടിക്കിടന്ന് ചീഞ്ഞളിയുകയാണ്.

റോഡ് ക്രോസ് ചെയ്യുന്നതിനുള്ള കൾവെർട്ടിൽ കുടുങ്ങിയാണ് മാലിന്യം കിടക്കുന്നത്. വേനൽ കടുത്തതോടെ ഈ കനാലിലെ ജലമാണ് ജനങ്ങൾ പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കും സാംക്രമിക രോഗങ്ങൾ പടരുന്നതിനും കാരണമാകും. കനാലും റോഡും ക്രോസ് ചെയ്യുന്ന ഭാഗങ്ങളിലെല്ലാം ഇതാണവസ്ഥ. കെ.ഐ.പി അധികൃതരെയും ആരോഗ്യവകുപ്പിനെയും വിവരം അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച് ജനങ്ങളെ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മോചിപ്പിക്കാൻ പൂയപ്പള്ളി പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം.