കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിലെ താഴാംപണ ചെറിയേല ഏലായിലെ പുല്ലുകൾക്ക് തീപിടിച്ചു. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ഇരുപത്തിയഞ്ച് ഏക്കറോളം വരുന്ന ഏലായിൽ കോട്ടേകുന്ന്, താഴാംപണ ഭാഗങ്ങളിൽ തീ ആളിപടരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉടൻ തന്നെ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജകുമാരിയെയും പഞ്ചായത്തംഗം സുരേഷ് ബാബുവിനെയും വിവരമറിയിക്കുകയും ഇവർ ഫയർഫോഴ്സിനെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് കുണ്ടറ, കൊല്ലം സ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഏലായിൽ പയർ കൃഷി നടത്തുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നതിനാൽ കൃഷിയ്ക്ക് നാശമുണ്ടായില്ല. തീ കെടുത്തിയെങ്കിലും ഏലായിൽ നിന്ന് പുക ഉയർന്നു കൊണ്ടിരിക്കുകയാണ്.