തൊടിയൂർ: കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിൽ ലോഡ്സ് പബ്ലിക് സ്കൂളിന് തെക്ക് വശത്തെ കലുങ്ക് പൊളിച്ചതോടെ ഗതാഗതത്തിരക്ക് വർദ്ധിച്ച കോട്ടവീട്ടിൽ ജംഗ്ഷൻ - എഫ്.സി.ഐ ജംഗ്ഷൻ റോഡിൽ കെ.എം.എം.എല്ലിലേയ്ക്കുള്ള റെയിൽവേ ലൈൻ കടന്നു പോകുന്ന ഭാഗം അപകടക്കെണിയാവുന്നു.
റോഡ് നിരപ്പിൽ നിന്ന് നല്ല താഴ്ച്ചയിലാണ് റെയിൽവേ ലൈൻ. നേരത്തെ ഇതുവഴി ചുരുക്കം ഇരുചക്രവാഹനങ്ങൾ മാത്രമാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നിരവധി കാറുകളും ഒാട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും വളരെ പണിപ്പെട്ടാണ് ഇതുവഴി കടന്ന് പോകുന്നത്. ഇവിടെ അപകടങ്ങളും പതിവാണ്. സമീപത്തെങ്ങും കരുനാഗപ്പള്ളിയിലേയ്ക്ക് പോകാൻ മറ്റ് റോഡുകളില്ല. കലുങ്ക് പണി പൂർത്തിയായി കരുനാഗപ്പള്ളി ശാസ്താംകോട് ടറോഡിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കാൻ മാസങ്ങൾ വേണ്ടിവരും. അതു വരെ ഇവിടെ ഗതാഗതത്തിരക്ക് തുടരും. റെയിൽവേ ലൈൻ കടന്നു പോകുന്ന ഭാഗത്ത് ഗ്രാവൽ ഇട്ട് ഉയർത്തിയാൽ ഒരു പരിധി വരെ വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കടന്നുപോവാം. ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.