കരുനാഗപ്പള്ളി: ഇന്ത്യയിലെ സാധാരണ ജനങ്ങളെ വഞ്ചിച്ച സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി വെളുത്തമണലിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മോദി ഭരണം ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ളതാണ്. അദാനിമാരുടെയും അംബാനിമാരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് മോദി ചെയ്തത്. ഇനിയും ഇത് ആവർത്തിക്കാതിരിക്കാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, പി.ആർ. വസന്തൻ, പി.കെ. ബാലചന്ദ്രൻ, പി.ബി. സത്യദേവൻ, ശശിധരൻപിള്ള, അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, അഡ്വ. പി. സുരൻ തുടങ്ങിയവർ പ്രസംഗിച്ചു.