പരവൂർ: തീരദേശത്തെ കവർന്നെടുക്കുന്ന കടൽക്ഷോഭത്തെ ചെറുക്കുന്നതിനായി പൊഴിക്കര, താന്നി പ്രദേശങ്ങളിൽ പുലിമുട്ട് നിർമ്മാണം പുരോഗമിക്കുന്നു. വർഷങ്ങളായി തകർന്ന് കിടക്കുന്ന തീരദേശ റോഡുകളുടെ പുനർനിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് പുതിയ രീതിയിൽ പുലിമുട്ടുകൾ നിർമ്മിക്കുന്നത്. മലയോര - തീരദേശ ഹൈവേകൾക്കായി പതിനായിരം കോടി രൂപയാണ് ബഡ്‌ജറ്റിൽ അനുവദിച്ചിരിക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെ ദ്രുതഗതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നേറുന്നത്.
585 കി.മീ ദേശീയ ജലപാത
തീരദേശ റോഡിന് സമാന്തരമായി ബേക്കൽ മുതൽ കോവളം വരെ 585 കിലോമീറ്റർ ദൂരത്തിൽ ദേശീയ ജലപാതയും ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരവിപുരം കായലിലെ മണൽ നീക്കം ചെയ്യുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു കഴിഞ്ഞു. ജലപാത സജ്ജമാകുന്നതോടെ കൊല്ലത്ത് നിന്നും കായൽ മാർഗം വരുന്ന വിനോദസഞ്ചാരികൾക്ക് നെല്ലേറ്റിൽ തുരങ്കം വഴി വർക്കലയിൽ എത്താം. അവിടെ നിന്ന് കോവളത്തേക്ക് പോകാനുള്ള എളുപ്പമാർഗം കൂടിയാവും ഇത്. കൂട്ടത്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ജലപാതയുടെ വിവിധ ഭാഗങ്ങളിൽ നഗരസഭയുടെ മേൽനോട്ടത്തിൽ ഹട്ടുകൾ നിർമ്മിക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്.
ജലപാത ഒരുങ്ങുന്നതോടെ കായലിലെ മത്സ്യസമ്പത്ത് വർദ്ധിക്കും. ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ പരമ്പരാഗത തൊഴിൽമേഖല വീണ്ടെടുക്കാൻ സാധിക്കും.
ബിജു നെട്ടറ (ഡോക്യുമെന്ററി ഡയറക്ടർ)
ജലപാത യാഥാർത്ഥ്യമാകുന്നതോടെ റോഡ് മാർഗത്തെക്കാൾ സുഗമമായി യാത്ര ചെയ്യാൻ സാധിക്കും.
പി.എസ്. ജയചന്ദ്രൻ (പൊതുപ്രവർത്തകൻ)