van
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ തെന്മലയിൽ മാരുതി ഒമിനി വാൻ മറിഞ്ഞ നിലയിൽ.

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ തെന്മലയിൽ നിയന്ത്രണം തെറ്റിയ മാരുതി ഒമിനി വാൻ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 7ന് തെന്മല ബിവറേജസ് കോർപ്പറേഷൻെറ വിദേശ മദ്യ ചില്ലറ വില്പന ശാലയ്ക്ക് സമീപത്തായിരുന്നു സംഭവം. പാതയോരത്തുള്ള മണികണ്ഠൻ എന്നയാളുടെ വീടിനും പാർശ്വഭിത്തിക്കും ഇടയിലേയ്ക്കാണ് വാൻ മറിഞ്ഞത്. വീടിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. ബാംഗ്ലൂരിൽ നിന്നും പത്തനാപുരത്തെ ബന്ധുവീട്ടിൽ പോകാൻ എത്തിയതായിരുന്നു കുട്ടിയും മാതാപിതാക്കളും. സംഭവം കണ്ട സമീപവാസികളാണ് കുട്ടിയെയും മാതാ പിതാക്കളെയും വാനിനുള്ളിൽ നിന്ന് പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവർ മടങ്ങി. അപകട മേഖലയായ ഇവിടെ ക്രാഷ്ബാരിയർ സ്ഥാപിക്കാത്തതാണ് വാഹനം മറിയാൻ മുഖ്യ കാരണം. നിരവധി വാഹനങ്ങൾ ഇവിടെ മറിയുന്നത് പതിവ് സംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു.