കൊല്ലം: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെതിരെ സി.പി.എം നടത്തുന്ന കുപ്രചാരണങ്ങൾക്ക് വൻ തിരിച്ചടിയുണ്ടാകുമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൊല്ലം നിയമസഭാ മണ്ഡലത്തിലെ പൊരുതുന മാധവൻപിള്ളയുടെ വീട്ടിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ വികസനകാര്യങ്ങളിൽ, രാജ്യത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളിൽ, നിയമനിർമ്മാണത്തിൽ മുതലായവയിലുള്ള ഇടപെടലുകളുൾപ്പെടെ സമസ്ത മേഖലകളിലും പ്രേമചന്ദ്രന്റെ സാന്നിദ്ധ്യം കാണാൻ കഴിയും. മതന്യൂനപക്ഷങ്ങൾക്കിടയിൽ പ്രേമചന്ദ്രനുള്ള വ്യക്തമായ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് വർഗീയപ്രീണന കാർഡുമായി സി.പി.എം ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർ. രമണൻ അദ്ധ്യക്ഷത വഹിച്ചു. ജി. ദേവരാജൻ, പ്രതാപചന്ദ്രൻ, ആർ. സുനിൽ, എ.കെ. ഹഫീസ്, സൂരജ് രവി, ജെർമ്മിയാസ്, ശിവപ്രസാദ്, പ്രകാശ്ബാബു, ബാബുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.