ഭീഷണിയായി അനധികൃത കൈയ്യേറ്റങ്ങൾ
ചാത്തന്നൂർ: ചിറക്കര, ചാത്തന്നൂർ, ആദിച്ചനല്ലൂർ പഞ്ചായത്തുകളിലെ തണ്ണീർത്തടങ്ങളും തോടുകളും സംരക്ഷണമില്ലാതെ കാടുകയറിയും അനധികൃത കൈയ്യേറ്റം മൂലവും നശിക്കുന്നു. കടുത്ത വേനലിലും വെള്ളം വറ്റാതെ നിറഞ്ഞൊഴുകിയിരുന്ന ജലാശയങ്ങളാണ് ഇന്ന് വിസ്മൃതിയിലേക്ക് വഴുതി വീഴുന്നത്.
ചിറക്കര, ചാത്തന്നൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലെ കുളമുടിത്തോടിന്റെ തലച്ചിറക്കുളം കയ്യേറി നികത്തിയ അവസ്ഥയിലാണ്. കൊച്ചാലുമൂട് - ഇത്തിക്കര ബ്ലോക്ക് റോഡിലുളള കുളമുടി തോടിന്റെ പാലത്തിന് സമീപം ഒരു ഭാഗത്ത് ഒരടിപോലും വീതിയില്ലാത്ത വിധമാണ് തോട് കയ്യേറിയിരിക്കുന്നത്. കുളമുടി തോട് ഒഴുകി കൊല്ലാക്കുഴി പാലത്തിന് സമീപം ചാത്തന്നൂർ തോടുമായി ചേരുന്ന ഭാഗം പൂർണ്ണമായും കാടുകയറി കിടക്കുകയാണ്.
ആദിച്ചനല്ലൂർ പഞ്ചായത്തിൽ കൈതക്കുഴിക്ക് സമീപം ഉണ്ടായിരുന്ന തോട്, തലച്ചിറക്കുളം, ആദിച്ചനല്ലൂർ ചിറയിലേക്ക് ഒഴുകിയെത്തിയിരുന്ന വെളിച്ചിക്കാല തോട്, ചിറക്കര പഞ്ചായത്തിലെ തേമ്പ്ര വയലുകൾക്ക് ജലം നൽകിയിരുന്ന തേമ്പ്ര തോട് എന്നിവയുടെ അവസ്ഥയും സമാനമാണ്.
രേഖകളിലൊതുങ്ങി ചാത്തന്നൂർ തോട്
മൈനർ ഇറിഗേഷൻ വകുപ്പിന്റെ രേഖകളിൽ 6 മീറ്റർ വീതിയിൽ 5.2 കിലോമീറ്റർ നീളത്തിൽ കാരംകോട് തലച്ചിറക്കുളം മുതൽ പോളച്ചിറ വരെയാണ് ചാത്തന്നൂർ തോട് സ്ഥിതി ചെയ്യുന്നത്. പക്ഷേ തലച്ചിറക്കുളം തുടങ്ങുന്നിടത്ത് തോടിന് തികച്ച് 2 മീറ്റർ വീതി പോലുമില്ലാത്ത അവസ്ഥയാണ്. തുടർന്ന് ഇങ്ങോട്ട് പല സ്ഥലങ്ങളും കയ്യേറി തോടിന്റെ രൂപം തന്നെ മാറിയിരിക്കുകയാണ്. മുമ്പ് ചാത്തന്നൂർ തോടിന്റെ ഇരുവശങ്ങളിലുമായി ഉണ്ടായിരുന്ന വയലുകൾ പലതും ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.
ഒരുകാലത്ത് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ നീരുറവയായിരുന്ന ചാത്തന്നൂർ തോട് സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ജലാശയ സംരക്ഷണത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികൾ ഒന്നും ചാത്തന്നൂർ തോടിന്റെ കാര്യത്തിൽ നടപ്പിലായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പലരും തോട് കയ്യേറി സ്വന്തം ഭൂമിയാക്കുകയും ബാക്കിയുള്ളവ റോഡുകളായി പരിണമിക്കുകയും ചെയ്തു. പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് കാരണം തോടുകളും നീരുറവകളും സംരക്ഷിക്കാത്തതിനാലാണെന്ന് പഴമക്കാർ പറയുന്നു.