ചാത്തന്നൂർ: സംസ്കാര ആർട്സ് സൊസൈറ്റിയുടെ കീഴിൽ പാരിപ്പള്ളിയിൽ പ്രവർത്തിക്കുന്ന സംസ്കാര കലാക്ഷേത്രത്തിൽ കലാപഠന ക്ളാസുകൾ ആരംഭിച്ചു. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ സഹായത്തോടെ കൂടിയാട്ടം, നങ്ങ്യാർകൂത്ത്, മിഴാവ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. പഠിതാക്കൾക്ക് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പ്രതിമാസ സ്കോളർഷിപ്പ് ലഭിക്കും. പഠനം പൂർത്തിയാകുമ്പോൾ കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ സർട്ടിഫിക്കറ്റും ലഭിക്കും.
യുനെസ്കോ വിശ്വ പൈതൃക കലയായി അംഗീകരിച്ച രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള കൂടിയാട്ടം അന്യംനിന്ന് പോകാതിരിക്കാനും പുതിയ തലമുറയെ ആകർഷിക്കാനും കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തങ്ങൾ നടത്തിവരികയാണെന്ന് കലാപരിശീലനം ഉദ്ഘാടനം ചെയ്ത കേന്ദ്ര സംഗീത നാടക അക്കാഡമി കൂടിയാട്ടം കേന്ദ്രം ഡയറക്ടർ ഡോ. ഏറ്റുമാനൂർ പി. കണ്ണൻ പറഞ്ഞു. സംസ്കാര കലാക്ഷേത്രം ഡയറക്ടർ എം. ശിവശങ്കരൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. ആർ. രാധാകൃഷ്ണൻ, കലാമണ്ഡലം ശിവദാസൻ, കലാമണ്ഡലം അശ്വിനി, കലാമണ്ഡലം ബൈജു, കലാമണ്ഡലം റിയ എന്നിവർ സംസാരിച്ചു.
പൈതൃക കലാസ്വാദന പരിപാടിയുടെ ഭാഗമായി വർഷത്തിൽ രണ്ടുതവണ സംസ്കാര കലാക്ഷേത്രത്തിൽ കൂടിയാട്ടം അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്നും കൂടിയാട്ടം കേന്ദ്രം ഡയറക്ടർ അറിയിച്ചു.