karoorkadav
തകർച്ചയിലായ കാരൂർക്കടവ് പാലം

കുന്നത്തൂർ: കരുനാഗപ്പള്ളി -കുന്നത്തൂർ താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാരൂർക്കടവ് പാലം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലെത്തിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. പള്ളിക്കലാറിനു കുറുകേ മൈനാഗപ്പള്ളി - തൊടിയൂർ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായുള്ള നാട്ടുകാരുടെ മുറവിളികൾക്കൊടുവിൽ നിർമ്മാണം ആരംഭിച്ച പാലം 1981 മാർച്ചിലാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ഇപ്പോൾ പാലത്തിന്റെ കൈവരികളും പ്രധാന തൂണുകളും തകർച്ചയുടെ വക്കിലാണ്. തൂണുകളുടെ അടിഭാഗത്തു നിന്ന് കോൺക്രീറ്റ് പൂർണമായും അടർന്നു മാറിയിരിക്കുകയാണ്. ഇതിൽ നിന്നും ദ്രവിച്ച കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ട്. കൈവരികളുടെ അവസ്ഥയും ഇതു തന്നെ.

നിരവധി സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകൾ ഇതുവഴി സർവീസ് നടത്തുന്നതിന് പുറമേ ഭാരം കയറ്റിയ വാഹനങ്ങളും പാലം വഴി കടന്നു പോവുന്നുണ്ട്. കരുനാഗപ്പള്ളി - സോമവിലാസം - ഭരണിക്കാവ് റൂട്ടിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഭരണിക്കാവ് ഭാഗത്തു നിന്നും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് എത്തേണ്ടവർ എളുപ്പമാർഗമായി ആശ്രയിക്കുന്നതും ഈ പാതയാണ്. പാലത്തിന്റെ തകർച്ച നിരവധി തവണ അധികൃതരെ ബോദ്ധ്യപ്പെടുത്തിയിട്ടും ബലക്ഷയം പോലും പരിശോധിക്കാൻ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രളയകാലത്ത് പള്ളിക്കലാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പാലത്തിന് വീണ്ടും ബലക്ഷയം സംഭവിച്ചതായി നാട്ടുകാർ പറയുന്നു. കുന്നത്തൂർ, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളുടെ അതിർത്തിയായതിനാൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യമെങ്കിൽ പുതിയ പാലം നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

പാലത്തിൽ വിള്ളൽ

പാലത്തിലൂടെ കടന്നുപോകുന്ന റോഡിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങളുടെ ടയറുകൾ പാലത്തിലെ വിള്ളലിൽ കുടുങ്ങി ഗതാഗത തടസമുണ്ടാകുന്നത് പതിവാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കോൺക്രീറ്റ് പാളികൾ അടർന്നു വീഴാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഗതാഗത സൗകര്യം തീരെ കുറവായ കാരൂർക്കടവ്, വടക്കൻ മൈനാഗപ്പള്ളി, സോമവിലാസം, പതാരം, കുമരംചിറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കരുനാഗപ്പള്ളിയിലെത്താനുള്ള ഏക മാർഗമാണ് കാരൂർക്കടവ് പാലം.