തൊടിയൂർ: കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മത ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞതായി മന്ത്രി ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴ പാർമെന്റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി എ. എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം വെളുത്ത മണലിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലീഗിന്റെ പതാകയെ പാകിസ്താൻ പതാകയെന്ന് പറഞ്ഞ് മതവിദ്വേഷം പരത്താൻ സംഘപരിവാർ ശ്രമിച്ചപ്പോൾ ഇടതുപക്ഷം ശക്തമായി പ്രതികരിച്ചു. എന്നാൽ കോൺഗ്രസുകാർ മിണ്ടിയില്ല. ബാബ്റി മസ്ജിദ് തകർത്തപ്പോഴും ഇക്കൂട്ടർ മൗനം പാലിച്ചു. ആപത്തു കാലത്ത് മുസ്ലിങ്ങൾ ഉൾപ്പടെയുള്ളവരെ സംരക്ഷിക്കാത്തവരാണ് കോൺഗ്രസുകാർ. രാജ്യത്ത് മത ന്യൂനപക്ഷങ്ങളും ദളിതരും ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും കോൺഗ്രസിന് മൗനമാണ്. രാജ്യത്തിന്റെ പ്രതീക്ഷ ഇടതുപക്ഷത്തിലാണ്. ഇന്ത്യ തിളങ്ങുകയല്ലെന്നും കൊലക്കത്തിയുടെ തിളക്കമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, പി.കെ. ബാലചന്ദ്രൻ, പി.ബി. സത്യദേവൻ, ബിന്ദു ദേവിയമ്മ, പി. കെ. ജയപ്രകാശ്, ആർ. ശ്രീജിത്ത്, ആർ. രഞ്ജിത്ത്, അഡ്വ. പി. സുരൻ, ബിന്ദു രാമചന്ദ്രൻ ,കെ. ശശിധരൻപിള്ള, ഷിഹാബ് എസ്. പൈനുംമൂട് തുടങ്ങിയവർ സംസാരിച്ചു. ടി. രാജീവ് സ്വാഗതം പറഞ്ഞു.