election-2019

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പത്തനാപുരത്തെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി സി.പി.എമ്മിനെതിരെ ഒരക്ഷരം മിണ്ടിയില്ല. പിന്നാലെ വന്ന കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആന്റണി ഇതിനെ ന്യായീകരിച്ചത് ഇങ്ങനെ:

മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്. സി.പി.എം വെറും കാഴ്ചക്കാർ. അതുകൊണ്ടാണ് രാഹുൽ മിണ്ടാതിരുന്നതത്രെ ! രാഹുലും ആന്റണിയും സി.പി.എമ്മിനെ തൊട്ടില്ലെങ്കിലും കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.എസ്.പിയിലെ എൻ.കെ പ്രേമചന്ദ്രനും എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ കെ.എൻ ബാലഗോപാലും തമ്മിലുള്ള പോരാട്ടത്തിന് തീച്ചൂളയെക്കാൾ ചൂടാണ്.മത്സരം ഫോട്ടോഫിനിഷിംഗിലേക്ക് കടക്കുമ്പോൾ ആര് ജയിക്കുമെന്നറിയാൻ മേയ് 23 വരെ കാക്കേണ്ടി വരും.

10 വർഷമായി കൈവശമില്ലാത്ത മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കുകയെന്നത് സി.പി.എമ്മിന്റെ അഭിമാന പ്രശ്നമാണ്. സീറ്റ് നിലനിറുത്തുകയെന്നത് ആർ.എസ്.പിക്കും അനിവാര്യം. അതിനാൽ ഇരുവിഭാഗവും മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചാരണത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ തന്നെ യു.ഡി.എഫ് സ്വയം വിജയം പ്രഖ്യാപിച്ച മണ്ഡലമാണ് കൊല്ലം. അവർ ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകട്ടെ, വൈകിയെത്തി പ്രചാരണത്തിൽ ഏറെ മുന്നേറി യു.ഡി.എഫിന്റെ അവകാശവാദത്തെ തള്ളുകയാണ്. സംസ്ഥാനത്ത് ആദ്യം യു.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.പി കൂടിയായ എൻ.കെ. പ്രേമചന്ദ്രനെ പ്രഖ്യാപിച്ചതും കൊല്ലത്താണ്. യു.ഡി.എഫ്- എൽ.ഡി.എഫ് മത്സരത്തിനിടെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ കെ.വി.സാബു സമാഹരിക്കുന്ന വോട്ടുകളെ ആശ്രയിച്ചായിരിക്കും ജയിക്കുന്ന സ്ഥാനാർത്ഥിയുടെ ലീഡ്.

2014 ലെ തിരഞ്ഞെടുപ്പിൽ 37649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻ.കെ പ്രേമചന്ദ്രൻ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബിയെ പരാജയപ്പെടുത്തിയത്. ചവറ, കൊല്ലം, കുണ്ടറ, ഇരവിപുരം അസംബ്ളി മണ്ഡലങ്ങളിൽ പ്രേമചന്ദ്രന് ലീഡ് ലഭിച്ചപ്പോൾ പുനലൂർ, ചടയമംഗലം, ചാത്തന്നൂർ അസംബ്ളി മണ്ഡലങ്ങൾ എം.എ ബേബിയെ തുണച്ചു. ഇക്കുറി എല്ലാ അസംബ്ളി മണ്ഡലങ്ങളിലും നല്ല ലീഡാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.

എന്നാൽ 2016 ൽ നടന്ന അസംബ്ളി തിരഞ്ഞെടുപ്പിൽ 7 അസംബ്ളി മണ്ഡലങ്ങളും തൂത്തുവാരിയത് എൽ.ഡി.എഫാണ്. അതുപ്രകാരം 176040 ആണ് ഭൂരിപക്ഷം. മണ്ഡലത്തിലുൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെല്ലാം എൽ.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമാണ്. ഈ രീതി തുടർന്നാൽ വിജയം ഉറപ്പെന്നാണ് എൽ.ഡി.എഫ് നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി പി.എം വേലായുധന് ലഭിച്ചത് 58671 വോട്ടാണ്. എന്നാൽ 2016 ലെ അസംബ്ളി തിരഞ്ഞെടുപ്പിൽ ബ.ജെ.പി വോട്ടുകൾ 1.40 ലക്ഷം കടന്നു. സംഘടനാ തലത്തിലുണ്ടായ വളർച്ചയും ശബരിമല അടക്കമുള്ള ഘടകങ്ങളും ചേർന്ന് ഇപ്പോൾ ഇതിൽ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്നാണ് ബി.ജെ.പി യുടെ വിലയിരുത്തൽ.

ആരോപണ, പ്രത്യാപരോപണങ്ങളിലൂടെയാണ് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രചാരണം കൊടുമ്പിരി കൊള്ളുന്നത്. പ്രേമചന്ദ്രനെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ നടത്തിയ പരനാറി പ്രയോഗം ഇക്കുറിയും മറ്റൊരു തരത്തിൽ യു.ഡി.എഫ് പ്രചരണായുധമാണ്. പ്രേമചന്ദ്രൻ ജയിച്ചാൽ ബി.ജെ.പിയിൽ ചേക്കേറുമെന്ന പ്രചാരണമാണ് എൽ.ഡി.എഫ് ആയുധമാക്കുന്നത്. ബി.ജെ.പി വോട്ടുകൾ പ്രേമചന്ദ്രന് മറിച്ചുകൊടുക്കുമെന്ന ആരോപണമാണ് ബി.ജെ.പി നേരിടുന്നത്.

എൻ.കെ പ്രേമചന്ദ്രൻ (യു.ഡി.എഫ്, ആർ.എസ്.പി)

അനുകൂലം:

സിറ്റിംഗ് എം.പി യുടെ വ്യക്തിപ്രഭാവം, മികച്ച പാർലമെന്റേറിയൻ. ഇ.പി.എഫ് പെൻഷൻ വിഷയം പാർലമെന്റിൽ അവതരിപ്പിച്ച് പെൻഷൻകാർക്കിടയിൽ സ്വീകാര്യത. മുത്തലാക്ക് ബില്ലിൽ ന്യൂനപക്ഷങ്ങളുടെ സ്വാധീനം.

പ്രതികൂലം: യു.ഡി.എഫ് സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ, ബി.ജെ.പി ബന്ധം ആരോപിച്ച് സി.പി.എം ആരോപണം

കെ.എൻ ബാലഗോപാൽ (എൽ.ഡി.എഫ്, സി.പി.എം)

അനുകൂലം: സംഘടനാ സംവിധാനത്തിലെ മികവ്, മികച്ച പാർലമെന്റേറിയൻ, മികച്ച സംഘാടകൻ, മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വാധീനം

പ്രതികൂലം: ശബരിമല വിഷയത്തിലെ എൽ.ഡി.എഫ് നിലപാട്, കശുഅണ്ടി, മറ്റു തൊഴിൽ മേഖലകളിലെ പ്രതിസന്ധി.

കെ.വി. സാബു (എൻ.ഡി.എ, )

അനുകൂലം: നാല് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച അനുഭവം, ശബരിമല വിഷയം

പ്രതികൂലം: ബി.ജെ.പിക്കാർക്ക് പോലും സുപരിചിതനല്ലെന്ന പ്രചാരണം, ബി.ജെ.പി വോട്ട് മറിയ്ക്കുമെന്ന പ്രചാരണം.