കരുനാഗപ്പള്ളി : വേനൽ കടുത്തതോടെ പക്ഷികൾക്ക് കുടങ്ങളിൽ വെള്ളം നിറച്ച് തണ്ണീർപ്പന്തൽ കെട്ടിയ യൂത്ത് പ്രമോഷൻ കൗൺസിലിന്റെ പ്രവർത്തനം ശ്രദ്ധേയമായി. കുടിനീർ കിട്ടാതെ വലയുന്ന പക്ഷികൾക്ക് പരന്ന മൺകുടങ്ങളിൽ വെള്ളം നിറച്ച് മരച്ചില്ലകളിൽ കെട്ടിയാണ് യൂത്ത് പ്രമോഷൻ കൗൺസിൽ മാതൃകയായത്. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ. സുമൻ ജിത്ത് മിഷയുടെ നേതൃത്വത്തിലാണ് തണ്ണീർപ്പന്തൽ ഒരുക്കിയത്. ടൗണിന്റെ വിവിധ ഭാഗങ്ങളിലും സിവിൽ സ്റ്റേഷൻ, വിദ്യാധിരാജ കോളേജ് പരിസരത്തെ വൃക്ഷങ്ങളിലും പക്ഷികൾക്കായി തണ്ണീർക്കുടങ്ങളൊരുക്കി. മഞ്ജുകുട്ടൻ, ബെറ്റ്സൺ വർഗീസ്, കൃഷ്ണകുമാർ. ആർ. അരവിന്ദ്, ഋഷി ആർ. മിഷ എന്നിവർ നേതൃത്വം നൽകി.