കുളത്തൂപ്പുഴ: അഞ്ചൽ - കുളത്തൂപ്പുഴ പാതയിൽ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് ജീവനക്കാരൻ രഞ്ജിത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഏഴംകുളം ചിരട്ടയിൽ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കുളത്തൂപ്പുഴയിൽ നിന്നും അഞ്ചലിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ പ്രധാനപാതയിൽ നിന്നും നിയന്ത്രണം വിട്ട് വാഴപ്പണയിലേക്ക് തലകീഴായി മറിയുകയായിരുന്നു. സംഭവസമയം പ്രദേശത്ത് മഴ ശക്തമായിരുന്നതിനാൽ സംഭവം അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വാഹനത്തിലുണ്ടായിരുന്നവർ അതുവഴി വന്ന മറ്റു വാഹനത്തിൽ കയറി പോയതായും നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുൽ ക്രയിൻ എത്തിച്ചാണ് വാഹനം ഉയർത്തിയത്.