sasthamcotta
ആഞ്ഞിലിമൂട് ഭാഗത്ത് റോഡിൽ നിർമ്മാണ അവശിഷ്ടങ്ങൾ തള്ളിയ നിലയിൽ

കുന്നത്തൂർ: ശാസ്താംകോട്ട - ആഞ്ഞിലിമൂട് റോഡിന്റെ വശങ്ങളിൽ നിർമ്മാണാവശിഷ്ടങ്ങൾ തള്ളിയതിനെതിരെ വ്യാപക പ്രതിഷേധം. ഭരണിക്കാവ് റോഡ് നവീകരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട ജംഗ്ഷനിൽ പുതിയ ഓട നിർമ്മിച്ചിരുന്നു. ഇവിടെ നിന്ന് പൊളിച്ചുനീക്കിയ പഴയ ഓടയുടെ ലോഡു കണക്കിന് അവശിഷ്ടങ്ങളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ റോ‌ഡരികിൽ കൊണ്ടുവന്ന് തള്ളിയത്.

നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടകരമായ രീതിയിലാണ് ഇവ കൂടിക്കിടക്കുന്നത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും കയറുന്നതിനും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട ജംഗ്ഷനിൽ റോഡിന്റെ ഭാഗമായുള്ള പുറമ്പോക്ക് ഭൂമി നേരത്തെ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. തുടർന്നാണ് റോഡിന്റെ വീതി കൂട്ടി പുതിയ ഓട നിർമ്മിച്ചത്.

ഇതിന്റെ ഭാഗമായി മുമ്പ് പാറ ഉപയോഗിച്ച് കെട്ടിയ ഓട പൊളിച്ച് സമീപത്തുള്ള ശാസ്താംകേട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇത് അവിടെ നിന്ന് നീക്കാൻ മാറ്റാൻ റവന്യൂ, പഞ്ചായത്ത് അധികൃതർ കരാറുകാരന് നിർദ്ദേശം നൽകി. തുടർന്നാണ് കരാറുകാരൻ കഴിഞ്ഞ ദിവസം ഇവിടെ നിന്ന് വാരി റോഡരികിൽ തള്ളിയത്. ഇന്നലെ രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്ത് വരികയും കൊണ്ടുവന്ന് തള്ളിയ നിർമ്മാണ അവശിഷ്ടങ്ങൾ കുറെയൊക്കെ അവിടെ നിന്ന് വാരി മാറ്റുകയും ചെയ്തിരുന്നു.