udf
എൻ.കെ.പ്രേമചന്ദ്രൻെറ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി പുനലൂരിൽ സംഘടിപ്പിച്ച യോഗം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഏ.കെ.ആൻറണി ഉദ്ഘാടനം ചെയ്യുന്നു. കെ.പി.സി.സി.ഉപാദ്ധ്യക്ഷൻ ഭാരതീപുരം ശശി, ഡി.സി.സി.സപ്രസിഡൻറ് ബിന്ദു കൃഷ്ണ, പുനലൂർ മധു തുടങ്ങിയവർ സമീപം.

പുനലൂർ: ജാതിയും മതവും പറഞ്ഞ് വെള്ളക്കാരെ പോലെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുനലൂരിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ബിൻ തുഗ്ലക്കിനെ പോലെ വീണ്ട് വിചാരമില്ലാത്ത നരേന്ദ്ര മോദിയെ പുറത്താക്കാൻ ഈ തിരഞ്ഞെടുപ്പിലൂടെ കഴിയണം.1977ന് ശേഷം യു.ഡി.എഫിന് അനൂകൂലമായ തരംഗമാണ് ഈ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കാണുന്നത്. മോദിയെ പുറത്താക്കാനും, പിണറായിയെ പാഠം പഠിപ്പിക്കാനും,​ ഇന്ദിരാഗാന്ധിയുടെ ചെറുമകനെ പ്രധാനമന്ത്രിയാക്കാനും ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. സി.പി.എമ്മിന് കനത്ത പരാജയം ഉണ്ടായാൽ പിണറായിയുടെ ഇപ്പോഴത്തെ അക്രമവും ധിക്കാരവും ഇല്ലാതാകും. ജനങ്ങളുടെ വികാരം ഒപ്പിയെടുത്ത് പാർലമെന്റിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ജന പ്രതിനിധിയാണ് പ്രേമചന്ദ്രനെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ഭാരതീപുരം ശശി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, പുനലൂർ മധു, കെ.സി. രാജൻ, ഫിലിപ്പ് കെ. തോമസ്, അറയ്ക്കൽ ബാലകൃഷ്ണപിള്ള, കരിക്കത്തിൽ പ്രസേനൻ, നെൽസൺ സെബാസ്റ്റ്യൻ, ഏരൂർ സുഭാഷ്, ഉറുകുന്ന് കെ. ശശിധരൻ, എം. നാസർഖാൻ, ജോസഫ് മാത്യൂ, എം.എം. ജലീൽ തുടങ്ങിയവർ സംസാരിച്ചു.