fire
കൊല്ലം മരുത്തടി കറങ്ങയിൽ ജംഗ്ഷന് സമീപം പൂർണ്ണമായും കത്തിനശിച്ച വീട്‌

കൊല്ലം: മരുത്തടിയിൽ വീട് പൂർണ്ണമായും അഗ്നിക്കിരയായി. മരുത്തടി കറങ്ങയിൽ ജംഗ്ഷന് സമീപം തയ്യിലേഴ്‌ത്ത് കിഴക്കതിൽ ഷൈനി സനോജിന്റെ ഷീറ്റ് മേഞ്ഞ വീടിനാണു തീപിടിച്ചത്.
ഇന്നലെ രാവിലെ ഏഴ് മണിക്കാണ് സംഭവം. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിസിയും രണ്ട് മക്കളും സംഭവസമയത്ത് വീട്ടിൽ ഇല്ലായിരുന്നു. ഇവരുടെ ഉടുതുണി ഉൾപ്പെടെ എല്ലാം കത്തിയമർന്നു. ഗൃഹോപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും പണവും സ്വർണ്ണവുമെല്ലാം അഗ്നിക്കിരയായി.

വീട്ടുജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് ലിസിയും വിദ്യാർത്ഥികളായ മക്കളും ജീവിച്ചിരുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാവിലെ വീട്ടിൽ നിന്ന് പുകയുയരുന്നത് കണ്ട് സമീപത്ത് തന്നെ താമസിക്കുന്ന വീട്ടുടമ നാട്ടുകാരെ വിളിച്ചുകൂട്ടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീപടർന്നു പിടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയ്ക്ക് തീപിടിത്തമുണ്ടായ ഭാഗത്തേക്ക് വരാൻ വഴി തടസമായതിനാൽ വീട് പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു. വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.