photo
വിശാലമായ കൊതുമുക്ക് വട്ടക്കായൽ

കരുനാഗപ്പള്ളി: കൊതുമുക്ക് വട്ടക്കായലിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് നാട്ടുകാരിൽ ആശങ്ക പരത്തുന്നു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെയും പൊന്മന ഗ്രാമ പഞ്ചായത്തിന്റെയും പരിധിയിലാണ് കൊതുമുക്ക് വട്ടക്കായൽ സ്ഥിതി ചെയ്യുന്നത്. 400 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന വട്ടക്കായലിൽ ആദ്യമായാണ് ജലനിരപ്പ് ഇത്രയധികം താഴുന്നതെന്നാണ് കായൽത്തീരത്തെ താമസക്കാർ പറയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിൽ ഇത്തരമൊരു പ്രതിഭാസം ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ അഭിപ്രായം.

തീരത്തുനിന്നും വെള്ളം ഉള്ളിലേക്ക് വലിയുകയാണ്. 4 മീറ്രർ വരെ ആഴമുള്ള കായൽ ഭാഗങ്ങളിൽ ഇപ്പോൾ ജലനിരപ്പ് 2 മീറ്ററിൽ താഴെ മാത്രമാണെന്ന് മണ്ണ് വാരൽ തൊഴിലാളികൾ പറയുന്നു. കൊടും വേനലിൽപ്പോലും കരുനാഗപ്പള്ളി പൊന്മന പ്രദേശങ്ങളെ കുടിവെള്ള ക്ഷാമത്തിൽ നിന്ന് രക്ഷിക്കുന്നത് കൊതുമുക്ക് വട്ടക്കായലാണ്. കായലിലെ ജലനിരപ്പ് താഴുകയും ജലത്തിന്റെ ഘടനയിൽ മാറ്റം വരുകയും ചെയ്തതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ കടലിലേക്ക് ഉൾവലിയുകയാണെന്നും കായലിലെ അടിത്തട്ടിൽ ചൂട് വർദ്ധിച്ചതോടെ കരിമീൻ ഉൾപ്പെടെയുള്ളവ വിരളമായാണ് ലഭിക്കുന്നതെന്നും മത്സ്യത്തൊഴിലാളികളും പറയുന്നു. നിരവധി മത്സ്യത്തൊഴിലാളികളാണ് വട്ടക്കായലിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്നത്. ഇവരാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.

കൊതുമുക്ക് വട്ടക്കായൽ

അടൂരിൽ നിന്ന് ഒഴുകിയെത്തുന്ന പള്ളിക്കലാറിന്റെയും ട്രാവൻകൂർ - ഷെണ്ണൂർ കനാലിന്റെയും സംഗമ സ്ഥാനമാണ് കൊതുമുക്ക് വട്ടക്കായൽ. രണ്ട് കായലുകളും കൊതുമുക്ക് വട്ടക്കായലിൽ സംഗമിച്ച ശേഷമാണ് കൊല്ലം ഭാഗത്തേക്ക് ഒഴുകുന്നത്. വട്ടക്കായലിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞ് തുടങ്ങിയതോടെ വിനോദ സഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന ഹൗസ് ബോട്ടുകളുടെ വരവിലും വലിയ കുറവുണ്ടായിട്ടുണ്ട്.