കൊല്ലം: കൊട്ടിയം പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി ചെയ്ത് മടങ്ങവേ അപകടത്തിൽപ്പെട്ട് മരിച്ച ഹോംഗാർഡ് ബി. രാധാകൃഷ്ണപിള്ളയുടെ (54) കുടുംബത്തിന് കൈത്താങ്ങായി ജില്ലയിലെ ഹോംഗാർഡുകൾ. കഴിഞ്ഞ നവംമ്പർ 1 ന് ആയിരുന്നു മരണം സംഭവിച്ചത്. ഹോംഗാർഡുകൾ സ്വരൂപിച്ച തുക കൊല്ലം ഫയർ ഹെഡ് ക്വാർട്ടറിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാഫയർഫോഴ്സ് മേധാവി കെ. ഹരികുമാർ അന്തരിച്ച രാധാകൃഷ്ണപിള്ളയുടെ ഭാര്യ ഉഷാകുമാരിക്ക് കൈമാറി.
കൊല്ലം ട്രാഫിക്ക് പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കവേ ഹോംഗാർഡ് സേനയിൽ നിന്നും വിരമിച്ച വി. ജനാർദ്ദനൻ പിള്ളയെ സ്നേഹോപഹാരം നൽകി ആദരിച്ചു. യോഗത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. രാജശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഹോംഗാർഡുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നടപ്പിലാക്കുന്ന കാര്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കണമെന്ന് ജില്ലാ സെക്രട്ടറി ആർ. രാമചന്ദ്രൻപിള്ള പറഞ്ഞു.