അഞ്ചാലുംമൂട്: അവധി ദിവസങ്ങളിൽ കൊല്ലത്ത് നിന്നും തെക്കേവീട്ടിൽ മുക്ക് വഴി പെരുമണിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ട്രയിൻ യാത്രക്കാർക്കും ഏറെ പ്രയോജനകരമായിരുന്നു രാവിലെയും വൈകിട്ടും തെക്കേ വീട്ടിൽ മുക്ക് വഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ്. ആകെ ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് ഇതുവഴി സർവീസ് നടത്തുന്നത്. മിക്ക ദിവസങ്ങളിലും കെ.എസ്.ആർ.ടി.സി ബസ് സർവീസ് മുടങ്ങുന്നതുമൂലം പലരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. അവധി ദിവസങ്ങളിൽ സർവീസ് റദ്ദാക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറയുന്നു. പെരുമൺ തെക്കേവീട്ടിൽ മുക്ക് വഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസിന് തുടക്കം മുതൽ നല്ല കളക്ഷനുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സമയത്തിലുണ്ടായ മാറ്റവും സർവീസ് മുടക്കവും മൂലം കളക്ഷനിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
അവധി ദിവസങ്ങളിൽ പെരുമൺ തെക്കേവീട്ടിൽ മുക്ക് വഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് മുടങ്ങുകയാണെന്നും എല്ലാ ദിവസവും സർവീസ് നടത്തണമെന്നുമാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.
ഡോ. കെ.വി. ഷാജി, കേരള പ്രതികരണവേദി സംസ്ഥാന വൈസ് പ്രസിഡന്റ്