shop
മോഷ്ടാക്കൾ പുനലൂരിലെ മൊബൈൽ കടയുടെ തട്ട് പൊളിച്ച് മാറ്റിയ നിലയിൽ

പുനലൂർ: പുനലൂർ ടൗണിലെ പെട്രോൾ പമ്പിന് എതിർവശത്തെ മൊബൈൽ ഷോപ്പിൽ നിന്ന് 30,000 രൂപയും 25 പുതിയ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും കവർന്നു. കാര്യറ സ്വദേശി ബിപിന്റെ ഉടമസ്ഥതയിലുള്ള ആരോസ് എന്ന കടയിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവമെന്നാണ് സംശയം.

കടയുടെ മേൽക്കൂരയുടെ ഓടും തട്ടും പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഇന്നലെ രാവിലെ ഉടമ കടതുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിപ്പെട്ടത്. മേശയിൽ സൂക്ഷിച്ചിരുന്ന പണവും ഫോണുകളുമാണ് നഷ്ടമായത്. പുനലൂർ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.