കുളത്തൂപ്പുഴ: കടുത്ത ചൂടിൽ ദാഹജലത്തിനായി പരക്കം പായുന്ന കാട്ടിലെ ജീവജാലങ്ങൾക്ക് ഇനി കുടിവെള്ളത്തിനായി കാടിറങ്ങേണ്ടി വരില്ല. വനത്തിനുള്ളിൽത്തന്നെ ജീവജാലങ്ങൾക്കായി വിശാലമായ ജലാശയം ഒരുക്കി നൽകിയിരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. തെന്മല വനം റേഞ്ചിൽ ഉൾപ്പെട്ട കുളത്തൂപ്പുഴ കല്ലുവരമ്പ് സെക്ഷനിലെ ചൂടൽ പ്രദേശത്താണ് വന്യമൃഗങ്ങൾക്കായി കുളം നിർമ്മിച്ചത്.
ഉൾവനങ്ങളിൽ നീരുറവകൾ വറ്റി വരണ്ടതിനാൽ കുടിവെള്ളം തേടി മൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങാൻ തുടങ്ങിയതോടെയാണ് ഇത്തരത്തിലൊരു പദ്ധതി ഒരുക്കാൻ വനം വകുപ്പ് തയ്യാറായത്. ജനവാസ മേഖലയിലൂടെ ഒഴുകുന്ന കുളത്തൂപ്പുഴ ആറ്റിലെ നീരുറവ തേടിയാണ് മൃഗങ്ങൾ കാടിറങ്ങുന്നത്. വേനൽ കടുക്കുന്നതോടെ ആനയും കരടിയും മ്ലാവും,കേഴയും കാട്ടുപോത്തുമൊക്കെ ജനവാസ മേഖലയിലെ നിത്യസന്ദർശകരാണ്. അതിനാൽ ഇവയെ വേട്ടയാടുന്ന സംഘങ്ങളും വ്യാപകമായി. കൂടാതെ വന്യമൃഗങ്ങൾ വരുത്തിവയ്ക്കുന്ന കൃഷിനാശവും ആക്രമണ ഭീഷണിയും ജനങ്ങളെ വലയ്ക്കുന്ന മറ്റൊരു പ്രശ്നമായിരുന്നു. ഇത് തടയിടുന്നതിനാണ് വേറിട്ട പദ്ധതിയുമായി വനംവകുപ്പ് എത്തിയത്.
വനത്തിലെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരാതെ കാട്ടു മൃഗങ്ങളെ ആകർഷിക്കുന്ന തരത്തിൽ പ്രത്യേക രീതിയിലാണ് കുളം നിർമ്മിച്ചിരിക്കുന്നത്. ഒരു വശം ചരിച്ച് കെട്ടി ഉയർത്തിയിട്ടുളള കുളത്തിൽ ഉപ്പ് വിതറിയിട്ടുമുണ്ട്. ഉപ്പ് രസം കലർന്ന വെള്ളവും മണ്ണും കാട്ടുമൃഗങ്ങൾക്ക് ഏറെ ഇഷ്ടമാണ്. വനം വകുപ്പ് നിർമ്മിച്ച കുളത്തിൽ നിന്നും വെള്ളം കുടിക്കാൻ കാട്ടുമൃഗങ്ങൾ ധാരാളമായി എത്തുന്നുണ്ടെന്ന് ആദിവാസികൾ പറയുന്നു.
വനത്തിനുള്ളിൽ തന്നെ ദാഹജലം ഉറപ്പുവരുത്തി വന്യമൃഗങ്ങളുടെ ശല്യം പ്രദേശവാസികൾക്ക് ഉണ്ടാകാതിരിക്കാനും വനാശ്രിത സമൂഹത്തെ വാർത്തെടുക്കാനുമാണ് പുതിയ പദ്ധതി.
ആർ. സജീവ്, സെക്ഷൻ ഫോറസ്റ്റർ