കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ധർമ്മശാസ്താ ക്ഷേത്രത്തിലെ മേടവിഷു മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ പൊലീസും ജനങ്ങളുമായി സംഘർഷം. ലാത്തിയടിയിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇ.എസ്.എം കോളനി സ്വദേശി സന്തോഷിനാണ് (46) തലയിലും മുഖത്തും പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 12മണിയോടെയാണ് സംഭവം. ഗാനമേള നടക്കുന്നതിനിടെ ചിലർ പാട്ടിനൊപ്പം നൃത്തം ചെയ്തു. ഇവരെ അകാരണമായി പൊലീസ് മർദ്ദിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കാഴ്ചകൾകണ്ട് അമ്പലക്കടവ് പാലത്തിൽ നിന്നവരേയും പൊലീസ് അടിച്ചോടിച്ചതായി പരാതിയുണ്ട്. ഇതോടെ കൂക്കിവിളികളുമായി നാട്ടുകാർ സംഘടിച്ചത് സംഘർഷം മൂർച്ഛിക്കാൻ ഇടയാക്കി. പരിക്കേറ്റയാളെ യഥാസമയം ആശുപത്രിയിലെത്തിക്കാനും പൊലീസ് തയാറായില്ലെന്ന് പരാതിയുണ്ട്. കടുത്ത പ്രതിഷേധത്തിനൊടുവിൽ ഏറെ വൈകി ഇയാളെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പൊലീസ് കടക്കുകയായിരുന്നുവത്രേ. പരിക്ക് ഗുരുതരമായതിനാൽ നാട്ടുകാരാണ് സന്തോഷിനെ പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഡിവൈ.എസ്.പി സതീഷ്‌കുമാർ സി.എെ. ബിനുകുമാർ എന്നിവർ സ്ഥലത്തെത്തി കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചതോടെയാണ് സംഘർഷം അവസാനിച്ചത്.