കൊട്ടിയം: മതേതര സർക്കാർ അധികാരത്തിൽ വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. കൊട്ടിയം വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യനാട് പഞ്ചായത്തിലെ ഇരുപതാം വാർഡിൽ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന പോലും മാറ്റിയെഴുതപ്പെടാം. അതിനുള്ള അവസരം മോദിക്കും കൂട്ടർക്കും നൽകരുതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമയനല്ലൂർ റാഫി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, മുൻ പി.എസ്.സി അംഗം ബേബി സൺ, ജി. വേണു, കെ.ബി. ഷഹാൽ, പി.കെ. രാജു, സാദിഖ്, നിസാർ, ശ്രീദേവി, അമ്പിളി, അലിയാരു കുട്ടി എന്നിവർ സംസാരിച്ചു.